വെള്ളത്തൂവൽ : ചെങ്കുളം ഹൈഡൽ ടൂറിസം പദ്ധതി പ്രദേശമായ ചെങ്കുളം ഡാമിനോട് ചേർന്നുള്ള 220 ഏക്കർ റവന്യൂ ഭൂമി വനഭൂമിയായി പ്രഖ്യാപിച്ച് വിനോദ സഞ്ചാരികൾ ഉൾപ്പെടെ പ്രദേശവാസികൾക്കും ബുദ്ധിമുട്ടു സൃഷ്ടിച്ച ചെങ്കുളം ടൂറിസം പദ്ധതി അട്ടിമറിക്കാൻ നടത്തുന്ന നീക്കം ഏതുവിധേനയും ചെറുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് തോമസും കോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം പ്രസിഡന്റ് സി.ഡി ടോമിയും പറഞ്ഞു .റവന്യൂ ഭൂമിയെ വനഭൂമിയായി പ്രഖ്യാപിച്ചതിനു പുറമെ അന്യനാട്ടുകളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിപ്പിക്കും വിധം മൊബൈൽ റെയിഞ്ച് ഇല്ലാത്ത ഇവിടെ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതും പ്രതിഷേധാർഹമാണ്. കാർഷിക മേഖലയുടെ തകർച്ചയോടുകൂടി ആനച്ചാൽ, മുതുവാൻകുടി, പള്ളിവാസൽ എന്നീ പ്രദേശങ്ങളിലുള്ള ടാക്സി തൊഴിലാളികൾ,ചെറുകിട കച്ചവടക്കാർ, ഹോംസ്റ്റേ നടത്തുന്നവർ തുടങ്ങിയ നിരവധി മേഖലകളിലെ ജനങ്ങളുടെ ജീവിതമാർഗവും കൂടിയാണ് ചെങ്കുളം ഹൈഡൽ ടൂറിസം പദ്ധതി.2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയെ തകർക്കാനുള്ള ശ്രമം ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്നും ജോർജ് തോമസ് പറഞ്ഞു.