തൊടുപുഴ: 1988ൽ ആദ്യ ജനകീയ കൗൺസിൽ നിലവിൽ വന്ന തൊടുപുഴ നഗരസഭയിൽ നടന്ന അഞ്ചാം അട്ടിമറിയാണ് തിങ്കളാഴ്ച ചെയർമാൻ തിരഞ്ഞെടുപ്പിലുണ്ടായത്. എം.പി ഷൗക്കത്തലി, മനോഹർ നടുവിലേടത്ത്, മിനി മധു, സനീഷ് ജോർജ് എന്നിവരാണ് അപ്രതീക്ഷിത നീക്കത്തിലൂടെ മുമ്പ് നഗരസഭാ അദ്ധ്യക്ഷരായത്. 1988ൽ സി.പി.എമ്മിന്റെ അഡ്വ. എൻ. ചന്ദ്രനാണ് നഗരസഭയുടെ പ്രഥമ ചെയർമാനായത്. ഈ കൗൺസിൽ 1995വരെ തുടർന്നു. അന്ന് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 28ൽ 17 സീറ്റോടെ തുടർഭരണം ലഭിച്ചെങ്കിലും ചെയർമാൻ തിരഞ്ഞെടുപ്പിൽ നടന്ന അട്ടിമറി സി.പി.എം നേതൃത്വത്തെ ഞെട്ടിക്കുകയും തൊടുപുഴയിലെ പാർട്ടിയുടെ ഗതി തന്നെ മാറ്റുകയും ചെയ്തു. എൻ. ചന്ദ്രനെ വീണ്ടും ചെയർമാനാക്കണമെന്ന എൽ.ഡി.എഫ് കൗൺസിലർമാരുടെ ആവശ്യം തള്ളിയ പാർട്ടി നേതൃത്വം പ്രൊഫ. കൊച്ചുത്രേസ്യ തോമസിനെ അദ്ധ്യക്ഷയായി നിശ്ചയിച്ചു. പക്ഷേ, ചെയർമാൻ തിരഞ്ഞെടുപ്പിൽ ഒരിക്കലും പ്രതീക്ഷിക്കാതെ എം.പി ഷൗക്കത്തലി മത്സരരംഗത്തെത്തുകയും 28ൽ 26 പേരുടെ പിന്തുണയോടെ ചെയർമാനാകുകയും ചെയ്തു. ഇത് സി.പി.എമ്മിൽ വൻ പൊട്ടിത്തെറിയുണ്ടാക്കി. പിന്നീട് അട്ടിമറിയുണ്ടായത് കോൺഗ്രസിലാണ്, 2003ൽ. ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന ബാബു പരമേശ്വരനെതിരെ കോൺഗ്രസ് കൗൺസിലർ മനോഹർ നടുവിലേടത്ത് വിമതനായി മത്സരിച്ച് വിജയിച്ചു. എന്നാൽ ആറു മാസത്തിന് ശേഷം അവിശ്വാസ പ്രമേയത്തിലൂടെ മനോഹർ നടുവിലേടത്തിന് സ്ഥാനം നഷ്ടമായി. 2018ൽ സി.പി.എം കൗൺസിലർ മിനി മധു നറുക്കെടുപ്പിലൂടെ ചെയർപേഴ്സണായതും അപ്രതീക്ഷിതമായിരുന്നു. കോൺഗ്രസുകാരനായ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായരുടെ വോട്ട് അസാധുവായതാണ് മിനിയുടെ അപ്രതീക്ഷിത വിജയത്തിന് വഴിവെച്ചത്. ഒരു വോട്ട് അസാധുവായതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ജെസി ആന്റണിക്ക് ലഭിക്കേണ്ട 14 വോട്ടിൽ നിന്ന് ഒന്നു കുറഞ്ഞ് 13 ആയി. 13 അംഗങ്ങളുള്ള എൽ.ഡി.എഫിനും ഇതേ വോട്ട് ലഭിച്ചതോടെ നടന്ന നറുക്കെടുപ്പിൽ മിനി മധുവിനെ ഭാഗ്യം തുണച്ചു. ആറു മാസത്തിന് ശേഷം മിനി അവിശ്വാസത്തിലൂടെ പുറത്തായി. 2020ൽ നടന്നതും നാടകീയ നീക്കങ്ങളായിരുന്നു. 35 അംഗ കൗൺസിലിൽ യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, സ്വതന്ത്രർ- 2, ബി.ജെ.പി- എട്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതിൽ രണ്ട് കോൺഗ്രസ് വിമതരുടെ പിന്തുണയോടെ ഭരണം പിടിക്കാമെന്നായിരുന്നു യു.ഡി.എഫ് കണക്കുക്കൂട്ടൽ. എന്നാൽ കോൺഗ്രസ് വിമതൻ സനീഷ് ജോർജിന് ചെയർമാൻ സ്ഥാനവും യു.ഡി.എഫ് വിട്ടുവന്ന ലീഗ് സ്വതന്ത്ര ജെസി ജോണിയ്ക്ക് വൈസ് ചെയർപേഴ്സൺ സ്ഥാനവും നൽകി യു.ഡി.എഫിനെ ഞെട്ടിച്ച് എൽ.ഡി.എഫ് ഭരണം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഒരു വർഷം തികയും മുമ്പേ യു.ഡി.എഫിന് വീണ്ടും തിരിച്ചടി നൽകികൊണ്ട് മറ്റൊരു യു.ഡി.എഫ് കൗൺസിലർ കൂടി എൽ.ഡി.എഫിനൊപ്പം ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ മാത്യു ജോസഫാണ് അപ്രതീക്ഷിതമായി സി.പി.എമ്മിലെത്തിയത്. ജൂണിൽ മുൻസിപ്പൽ എൻജിനിയർ പിടിയിലായ കൈക്കൂലി കേസിൽ രണ്ടാം പ്രതിയായതിനെ തുടർന്ന സനീഷ് ജോർജ് രാജിവെച്ചു. ജെസി ജോണി അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. ഇതിനൊപ്പം മാത്യു ജോസഫ് കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാകുകയും ചെയ്തു. ഇങ്ങനെ 13 സീറ്റുമായി യു.ഡി.എഫ് മുന്നിൽ നിന്നിട്ടും രാജിവെച്ച സനീഷിന്റെ വോട്ട് കിട്ടിയിട്ടും തിങ്കളാഴ്ച മുന്നണിയിലെ പടലപ്പിണക്കത്തിന്റെ അനന്തര ഫലമായി സി.പി.എമ്മിലെ സബീന ബിഞ്ജു ചെയർപേഴ്സണായി.