ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിത് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് 15ന് എൻ.സി.പി ഇടുക്കിയിൽ വാഹന പ്രചരണജാഥ നടത്തും. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി സമര ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിയുടെ നേതൃത്വത്തിലാണ് വാഹന പ്രചരണജാഥ നടത്തുന്നത്. 15ന് രാവിലെ ഒമ്പതിന് മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈലിൽ നിന്നാരംഭിച്ച് പെരുവന്താനം, കുറ്റിക്കാനം, പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി, ചെളിമട, വെള്ളാരംകുന്ന് വഴി വൈകിട്ട് ആറിന് ചപ്പാത്തിൽ സമാപിക്കുന്ന രീതിയിലാണ് സമരജാഥ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനം എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. സിയാദ് പറമ്പിൽ വൈസ് ക്യാപ്ടനായും മേഴ്സി തോമസ് മാനേജറായും ജാഥയിൽ പങ്കെടുക്കും. ഇതേ ആവശ്യം ഉന്നയിച്ച് 21ന് എറണാകുളത്ത് ലാലൻ ടവറിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. മുല്ലപ്പെരിയാർ ഡാമിന്റെ ഭീഷണിയിൽ നിന്ന് കേരളത്തെ സംരക്ഷിക്കുക എന്ന ആശയത്തോട് യോജിക്കുന്നവരുടെ ഒപ്പ് ശേഖരണവും ഇവിടെവെച്ച് നടത്തുന്നതായിരിക്കും.