santhosh
സബ് ഇൻസ്‌പെക്ടർ സി.ആർ. സന്തോഷ്

അടിമാലി: ജില്ലയിലെ നിരവധി കൊലപാതക കേസുകളുടെ അന്വേഷണങ്ങളിൽ നിർണ്ണായകമായ പങ്ക് വഹിച്ച സബ് ഇൻസ്‌പെക്ടർ സി.ആർ. സന്തോഷിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു. കഴിഞ്ഞ 31 വർഷത്തെ സർവീസ് ജീവിതത്തിൽ ജില്ലയിൽ നടന്ന നിരവധി കൊലപാതകങ്ങളിൽ പ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് നിർണ്ണായക പങ്ക് വഹിച്ചിരുന്നു. പ്രമാദമായ മൂന്നാർ അനന്തരാമൻ കൊലക്കേസ്, അടിമാലിയിലെ ടാക്സി ഡ്രൈവറെ തമിഴ്നാട്ടിൽ കൊന്നു കുഴിച്ചിട്ടത്, അടിമാലിയിലെ രാജധാനി ട്രിപ്പിൾ കൊലപാതകം, കുഞ്ഞൻപിള്ള കൊലപാതകം, തമിഴ്നാട് ഇറച്ചിപ്പാലത്ത് വെള്ളച്ചാട്ടത്തിൽ സാലിയെ കഴുത്തറത്ത് കൊന്നത്, കുരിശുപറ ഗോപി കൊലക്കേസ്, പണിക്കൻകുടി സിന്ധുവിനെ അടുപ്പിൽ കൊന്ന് കുഴിച്ചിട്ടത്,​ മറയൂർ എ.ടി.എം കവർച്ച തുടങ്ങിയ കേസുകളുടെ അന്വേഷണത്തിൽ മികവ് തെളിയിച്ചിട്ടുണ്ട്. ജമ്മുകാശ്മീർ ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കേസ് അന്വേഷവുമായി ബന്ധപ്പെട്ട് യാത്ര ചെയ്തിട്ടുണ്ട്. അടിമാലി പൊലീസ് സ്റ്റേഷനിൽ നിരവധി വർഷം ജോലി ചെയ്യുകയും ജനമൈത്രി പൊലീസിന്റെ സേവന പ്രവർത്തനങ്ങളിലൂടെ പൊതു സമ്മതനുമായിരുന്നു. കോടതിയിൽ സമർപ്പിക്കുന്ന കേസ് രേഖകകൾ തയ്യാറാക്കുന്നതിലും മികവ് പുലർത്തിയിരുന്നു. നിലവിൽ കരിമണൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറാണ്. 2009ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, 2018ൽ ബാഡ്ജ് ഓഫ് ഹോണർ കൂടാതെ 125 ഓളം ഗുഡ് സർവ്വീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇടുക്കി ഡിവൈ.എസ്.പി ഓഫീസിൽ മൂന്ന് വർഷമായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ: രജി സന്തോഷ്, മക്കൾ: അർജ്ജുൻ സന്തോഷ് (മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി),​​ പാർത്ഥിപ് സന്തോഷ് (പ്ലസ്‌വൺ വിദ്യാർത്ഥി).