പീരുമേട്: വണ്ടിപ്പെരിയാർ പ്രദേശത്ത് അടുത്ത കാലത്ത് നടന്ന ചന്ദന മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കുമളി വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.വണ്ടിപ്പെരിയാർ പശുമല രണ്ടാം ഡിവിഷനിൽ താമസക്കാരായ
ജോമോൻ, മണികണ്ഠൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ ഡോഗ്‌സ്‌ക്വാഡിന്റെ ഉൾപ്പെടെ സഹായത്താൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏഴു കിലോ ചന്ദനവുമായി പ്രതികൾ അറസ്റ്റിലായത്.തേയില തോട്ടത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ചന്ദനം കണ്ടെടുത്തത്.
അടുത്തിടെ വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, നെല്ലി മല എസ്റ്റേറ്റ്, സ്വകാര്യ തേയില എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ നിരവധി ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. ചന്ദന മരം മോഷണം സംബന്ധിച്ച് വനംവകുപ്പ് അധികൃതർക്കും പൊലീസിലും ബന്ധപ്പെട്ടവർ പരാതി നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും നഷ്ടപ്പെട്ട ചന്ദനമരങ്ങൾ എവിടെപ്പോയി എന്നത് സംബന്ധിച്ചും അന്വേഷണം നടന്നുവരുന്നു. കഴിഞ്ഞ കുറെ നാളുകളായി വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചന്ദന മരങ്ങൾ മോഷണം പോയിരുന്നു.