ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു.സ്വന്തം മുന്നണി മെമ്പറൻമാരെ പോലും വിശ്വാസത്തിലെടുക്കാത്ത പഞ്ചായത്ത് പ്രസിഡന്റ് രാജിവക്കണമെന്നും ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ പ്രസിഡന്റ് യോഗ്യനല്ലന്നും യു.ഡി.എഫ് മെമ്പർ മാർ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 7 ഉം എൽ.ഡി.എഫിന് 7 ഉം അംഗങ്ങളാണുള്ളത് .പദ്ധതി വിനിയോഗത്തിൽ ജില്ലയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലാണ് ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പ് .പൊതുമരാമത്ത് വികസന രംഗത്ത് 19 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിനിയോഗിച്ചിട്ടുള്ളത് . അംഗൻവാടിയിലേക്ക് നടത്തിയ നിയമനത്തിലും ദിവസ വേതന നിയമനങ്ങളിലും വൻ അഴിമതിയാണ് നടത്തിയിട്ടുള്ളത് .പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തതുമൂലം ടൗണുകളിൽ മാലിന്യങ്ങൾ കൊണ്ട് നിറയുന്നു .പണമില്ലാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും കൂട്ടായ ചർച്ചകളില്ലാതെ ഭൂമിയടക്കം വാങ്ങുകയും പദ്ധതി നടത്തിപ്പിലെ അഴിമതിയും പഞ്ചായത്തിന്റെ വികസനം മുടക്കുന്നതിന് കാരണമാണ് .പഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ഒളിച്ചോടിയാലും അഴിമതിക്കെതിരെ ഉറച്ച പോരാട്ടം പഞ്ചായത്ത് കമ്മിറ്റിയിലും പുറത്തും ഇനിയുമുണ്ടാകുമെന്നും യു .ഡി .എഫ് അംഗങ്ങളായ വിൻസന്റ് വള്ളാടി ,ടിന്റു സുഭാഷ് ,അലീസ് ജോസ് ,ഏലിയാമ്മ ജോയി ,സെലിൻ വിൻസന്റ് ,കുട്ടായി കെ ,അജീഷ് വേലായുധൻ എന്നിവർ പറഞ്ഞു