തൊടുപുഴ: മൂന്നുമാസം വിദേശത്തായിരുന്ന മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷൂക്കൂർ എൽ.ഡി.എഫുമായി ഡീൽ ഉറപ്പിച്ചശേഷമാണ് നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിന് തലേന്ന് നാട്ടിലെത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മും ലീഗും നടത്തുന്നത് കൂട്ടുകച്ചവടമാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ലീഗിന്റേത്. എം.എ. കരീമിനെ പോലെ സാധാരണക്കാരനായ ഒരു മുസ്ലീം ലീഗ് പ്രവർത്തകനെ തൊടുപുഴ നഗരസഭ ചെയർമാനാക്കാൻ അവരുടെ പാർട്ടിയിലെ വരേണ്യവർഗത്തിന് താത്പര്യമില്ലാത്തതാണ് തൊടുപുഴ നഗരസഭയിലെ പ്രശ്നങ്ങൾക്ക് കാരണം. സൗഹൃദ മത്സരമെന്നത് എൽ.ഡി.എഫിന്‌ വോട്ട് ചെയ്യാനുള്ള അവസരമാക്കി മുസ്ലീംലീഗ് മാറ്റി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിന്‌ ശേഷം കേരള കോൺഗ്രസിന് അദ്യടേമിൽ ഒരു വർഷവും ലീഗിനും കോൺഗ്രസിനും തുടർന്ന് രണ്ടു വർഷം വീതവുമാണ് ചെയർമാൻ പദവി തീരുമാനിച്ചിരുന്നത്. ദൗർഭാഗ്യവശാൽ അന്ന് ഭരണം കൈവിട്ടുപോയി. ആ ധാരണപ്രകാരം ഇപ്പോൾ അവശേഷിക്കുന്ന 16 മാസം കോൺഗ്രസിന് അവകാശപ്പെട്ടതാണ്. അത് ഉൾക്കൊള്ളാൻ മുസ്ലീം ലീഗ്‌ നേതാക്കൾക്ക് കഴിയാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഉത്തരകേരളത്തിലെ ഉമ്മാക്കി കാട്ടി ലീഗ് തൊടുപുഴയിലെ ജനാധിപത്യ വിശ്വാസികളെ പേടിപ്പിക്കരുത്. അടുത്ത തവണ ലീഗ് സ്വതന്ത്രമായി മത്സരിച്ച് വിജയിക്കട്ടെ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം തയ്യാറല്ല. ലീഗിന്റെ ഭീഷണിയൊന്നും കോൺഗ്രസിനോട്‌ വേണ്ട. കോൺഗ്രസിനെതിരെ ലീഗ് ഉയർത്തുന്ന ആരോപണങ്ങളെല്ലാം പൊള്ളയാണ്. ബി.ജെ.പിയെ സഹായിക്കാനാണ്‌ കോൺഗ്രസ് ലീഗിനെ ഒഴിവാക്കിയതെന്നാണ് ഒരു ആരോപണം. എന്നാൽ എം.എ. കരീം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായത് ബി.ജി.പിയുടെ വോട്ട് വാങ്ങിയാണെന്ന കാര്യം മറക്കരുത്. മുന്നണിയുടെ എല്ലാ കാര്യങ്ങളും ലീഗിന്റെ തലയിലൂടെയാണ്‌ പോകുന്നതെന്ന വിചാരം വങ്കത്തരമാണ്. ഒമ്പതാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് വാങ്ങുക മാത്രമാണ് ലീഗ് ചെയ്തത്. സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഷ്ടപ്പെട്ടത്‌ കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, നേതാക്കളായ ചാർളി ആന്റണി, തോമസ് മാത്യു കക്കുഴിയിൽ, ജോസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.