തൊടുപുഴ: തമിഴ്നാട് ജീവജലവും കേരളത്തിന് ജീവഭയവും മാത്രം നൽകുന്ന 130 വർഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്നും പകരം ഡാം പണിയണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനമായ ഇന്ന് സമരപരമ്പര തീർക്കും.
മുല്ലപ്പെരിയാർ ഡാമിന്റെ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മർച്ചന്റസ് അസോസിയേഷന്റെയും മർച്ചന്റ്സ് യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ഉപവാസം നടത്തും. തൊടുപുഴ സിവിൽ സ്റ്റേഷന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഏകദിന ഉപവാസം നടത്തുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന ഉപവാസ സമരം വൈകിട്ട് അഞ്ചിന് സമാപിക്കും. അഡ്വ. റസൽ ജോയ്, സിനിമാതാരം അശോകൻ, അഡ്വ. സി. കെ. വിദ്യാസാഗർ, ബെന്നി ജോസഫ്, സന്തോഷ് വർഗീസ്, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, പി.എം. ബേബി, ഏകോപനസമിതി എറണാകുളം ജില്ലാ ട്രഷറർ അജ്മൽ തൊടുപുഴ, ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി, മുതലക്കോടം പള്ളി വികാരി ഫാ. ജോർജ്ജ് താനത്ത്പറമ്പിൽ, സ്വാമി അയ്യപ്പദാസ്, എം.എൻ. ജയചന്ദ്രൻ, നിയുക്ത പ്രസ്‌ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, ട്രാക്ക് പ്രസിഡന്റ് ടി.എം. ശശി തുടങ്ങിയവർ പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി മർച്ചന്റസ് അസോസിയേഷൻ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകും.
മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിത് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് ഇന്ന് എൻ.സി.പി ഇടുക്കിയിൽ വാഹന പ്രചരണജാഥ നടത്തും. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി സമര ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിയുടെ നേതൃത്വത്തിലാണ് വാഹന പ്രചരണജാഥ നടത്തുന്നത്. രാവിലെ ഒമ്പതിന് മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈലിൽ നിന്നാരംഭിച്ച് പെരുവന്താനം, കുറ്റിക്കാനം, പീരമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി, ചെളിമട, വെള്ളാരംകുന്ന് വഴി വൈകിട്ട് ആറിന് ചപ്പാത്തിൽ സമാപിക്കുന്ന രീതിയിലാണ് സമരജാഥ സംഘടിപ്പിക്കുന്നത്.. സിയാദ് പറമ്പിൽ വൈസ് ക്യാപ്ടനായും മേഴ്സി തോമസ് മാനേജറായും ജാഥയിൽ പങ്കെടുക്കും.
മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സ്വാതന്ത്ര്യ ദിനത്തിൽ ആംആദ്മി പാർട്ടി തൊടുപുഴ നയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ ഉപവാസം അനുഷ്ഠിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് ഉപവാസം.
സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് കട്ടപ്പന ഫൊറോന യുടെ ആഭിമുഖ്യത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ 12 മണിക്കൂർ ഉപവാസ സംഘടിപ്പിക്കും.മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു സുരക്ഷാ ഉറപ്പു വരുത്തുക, ഡാം ഡീക്കമ്മിഷൻ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 8മുതൽ രാത്രി 8 വരെ പഴയ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള മുൻസിപ്പൽ മിനി സ്റ്റേഡിയത്തിലാണ് ഉപവാസം നടക്കുന്നത്. കട്ടപ്പന ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി മന്നോറോളം യുവജനങ്ങൾ പങ്കെടുക്കും.