മൂന്നാർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ കുണ്ടള അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി.അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ ഉയർത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ മുതിരപ്പുഴയുടെയും കുണ്ടളയാറിന്റെയും തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. കുണ്ടള അണക്കെട്ട് തുറക്കുന്നതോടെ വെള്ളം ഒഴുകി മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് എത്തുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിലവിൽ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ദേവികുളം താലൂക്കിന്റെ വിവിധ മേഖലകളിൽ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമുണ്ട്. രാത്രി കാലത്താണ് മഴ കനത്ത പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് കല്ലാർകുട്ടി, പൊന്മുടി, ചെങ്കുളം, ഹെഡ് വർക്ക്സ്, പാംബ്ല തുടങ്ങി എല്ലാ അണക്കെട്ടുകളിലേക്കുമുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് വർദ്ധിക്കുകയാണ്‌