മൂന്നാർ: മൂന്നാറിൽ ജനവാസ മേഖലയിൽ കാട്ടാനയും കാട്ടുപോത്തും.നല്ലതണ്ണി എസ്റ്റേറ്റിൽ ലയങ്ങൾക്ക് സമീപം കാട്ടുപോത്ത് ഇറങ്ങി.കാട്ടുപോത്തിന്റെ സാന്നിദ്ധ്യം പ്രദേശത്ത് പതിവാകുന്നുവെന്നും കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപോത്ത് നാശം വരുത്തുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങുന്നതിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.മൂന്നാർ ചിറ്റുവാരൈ സൗത്ത് ഡിവിഷനിൽ കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി കൃഷിനാശം വരുത്തി.ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിയുന്ന പടയപ്പയെ വനത്തിലേക്ക് തുരത്താത്തതിൽ പ്രതിഷേധവും ശക്തമാണ്. മഴക്കാലമാരംഭിച്ചിട്ടും കാട്ടുകൊമ്പൻ ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങുന്നില്ല. മുൻ വർഷങ്ങളിൽ മഴ പെയ്ത് വനത്തിൽ തീറ്റ വർദ്ധിക്കുന്നതോടെ കാട്ടാന ഉൾവനത്തിലേക്ക് പിൻവാങ്ങിയിരുന്നു. പിന്നീട് വേനൽ കനക്കുന്നതോടെ തീറ്റതേടി വീണ്ടും ജനവാസമേഖലയിൽ ഇറങ്ങുന്നതായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടാന ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. ഇടക്ക് മൂന്നാർ മേഖലയിൽ നിന്ന് പടയപ്പ മറയൂർ മേഖലയിലേക്കും പോകുന്നതും പതിവാണ്.