തൊടുപുഴ: മുസ്ലീംലീഗ് കൗൺസിലർമാരുടെ പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയതിന് പിന്നാലെ കോൺഗ്രസും ലീഗും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയ്ക്ക് ഒട്ടും അയവില്ല. ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം വാക്പോര് തുടരുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിൽ അണികളും പരസ്പരം പോരടിക്കുന്ന കാഴ്ചയാണ്. എന്നാൽ പ്രശ്നപരിഹാരത്തിന് ഇതുവരെ യു.ഡി.എഫ് നേതാക്കൾ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. തങ്ങളെ പരസ്യമായി അവഹേളിക്കുകയും അക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെ മാറ്റാതെ യാതൊരു ചർച്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് മുസ്‌ലീം ലീഗ് ജില്ലാ നേതൃത്വം. നീതി ലഭിക്കും വരെ യു.ഡി.എഫ് ജില്ലാ സമിതിയിൽ പങ്കെടുക്കില്ലെന്നും വിഷയത്തിൽ ഇനി തുടർപ്രതികരണങ്ങൾക്കില്ലെന്നും ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡി.സി.സി പ്രസിഡന്റിന്റെ വ്യക്തി താത്പര്യങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണം. കോൺഗ്രസിന്റെ വഞ്ചന തിരിച്ചറിഞ്ഞതോടെയാണ് 12ന് തൊടുപുഴ നഗരസഭയിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ട് ചെയ്തത്. എന്നാൽ ലീഗിന് ഇടതുമുന്നണിയുമായി യാതൊരു ധാരണയുമില്ല. യു.ഡി.എഫ് എന്ന പൊതുവികാരത്തിനൊപ്പം ജില്ലയിൽ മുസ്ലീംലീഗ് ഉറച്ചുനിൽക്കും. അഞ്ച് പതിറ്റാണ്ടായി നിലനിൽക്കുന്ന കോൺഗ്രസ്‌- ലീഗ് ബന്ധം പൊക്കിൾകൊടി ബന്ധത്തിന് സമാനമാണ്. ചിലരുടെ വിവരക്കേടുകൊണ്ട് അത് തകർക്കാനാവില്ല. പി.ടി. തോമസിനെ പോലുള്ള നേതാക്കളുടെ മഹത്വം ഇപ്പോഴാണ് വെളിവാകുന്നത്. വൈസ് ചെയർപേഴ്‌സനെതിരെ 22ന് നഗരസഭ കൗൺസിലിൽ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിൽ ലീഗ് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യും. ലീഗിനെതിരെ സി.പി. മാത്യു നടത്തിയ ഉമ്മാക്കി വർത്തമാനങ്ങൾ ചെയർമാൻ തിരഞ്ഞെടുപ്പിൽ ആസൂത്രണം ചെയ്ത പദ്ധതി പാളിപ്പോയതിലുണ്ടായ വിഭ്രാന്തിയുടെ ജൽപനങ്ങളാണ്. കോൺഗ്രസ് നേതൃത്വം ഡി.സി.സി പ്രസിഡന്റിന് വിശ്രമം നിർദേശിക്കണം. നഗരസഭ ഒമ്പതാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റിന്റെ ഭാര്യയ്ക്ക് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലീഗ് സീറ്റ് വിട്ടു നൽകിയില്ല. ഇതിലുള്ള വൈരാഗ്യമാണ് പ്രകോപനകരമായ നടപടികളിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് കരുതുന്നത്. യഥാർത്ഥ കാര്യങ്ങൾ ബോധ്യപ്പെട്ട കോൺഗ്രസ്‌- യു.ഡി.എഫ് പ്രവർത്തകർ തുടർ വിവാദങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇത് മുഖവിലയ്ക്കെടുത്താണ് മുസ്‌ലീം ലീഗ് ഈ വിഷയത്തിൽ പ്രതികരണങ്ങൾ അവസിനിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ, ജന.സെക്രട്ടറി കെ.എസ്.സിയാദ്, ട്രഷറർ ടി.കെ.നവാസ്, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.ഹാരിദ്, ജന.സെക്രട്ടറി എം.എ.കരീം എന്നിവർ പങ്കെടുത്തു.

കൗൺസിലറുടെ വീട് ആക്രമിച്ചിട്ടില്ല

അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാം വാർഡ് കൗൺസിലർ ജോർജ് ജോണിന്റെ വീട് ലീഗ് പ്രവർത്തകർ ആക്രമിച്ചു എന്നത് വാസ്തവ വിരുദ്ധമാണെന്ന് നേതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം വേണം. യൂത്ത്‌ലീഗ് പ്രവർത്തകർ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

തല്ലാൻ വന്നാൽ തിരിച്ചുതല്ലും: സി.പി. മാത്യു

മുസ്ലിം ലീഗിന് താക്കീതുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ്. മുസ്ലിം ലീഗ് ഊരിയ വാൾ തിരികെ ഉറയിൽ ഇടുന്നതാണ് നല്ലത്. തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് ഉത്തരവാദി ലീഗ് മാത്രമായിരിക്കും. തല്ലാൻ വന്നാൽ തിരിച്ചു തല്ലും. പിന്നെ ലീഗുകാർക്ക് കിടന്നുറങ്ങാൻ പറ്റില്ല. ലീഗുകാർക്ക് നാടുവിട്ട് പോകേണ്ടി വരും. സി.പി.എമ്മിന് വോട്ട് ചെയ്ത ലീഗുകാരുമായി അനുരഞ്ജന ചർച്ച ഇല്ല.

-ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു

ഡി.സി.സി പ്രസിഡന്റ് ഒറ്റയ്ക്കല്ല: എസ്. അശോകൻ
കോൺഗ്രസ്സിന്റെ രാഷ്ട്രിയ നിലപാടിനോടുള്ള വിയോജിപ്പിന്റെ പേരിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെ ഒറ്റപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസിന്റെ അമരക്കാരനാണ് സി.പി. മാത്യു. അദ്ദേഹം ഒറ്റയ്ക്കല്ല. ഘടകകക്ഷികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വിയോജിപ്പുള്ളവരെല്ലാം തെരുവിലേക്കിറങ്ങി പരസ്പരം ചെളിവാരിയെറിഞ്ഞാൽ എന്താകും സ്ഥിതി. . സി.പി.എമ്മിന്റെ അഴിമതി ഭരണം അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.