തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫ് പ്രതിനിധി മോഹൻദാസ് പുതുശ്ശേരിയെ തിരഞ്ഞെടുത്തു. ആകെ 15 അംഗങ്ങളുള്ളതിൽ അഞ്ച് വോട്ടിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് കോൺഗ്രസിലെ മോഹൻദാസ് വിജയിച്ചത്.
ഒരു എൽ.ഡി.എഫ് അംഗവും ഏകസ്വതന്ത്രനും വിട്ടുനിന്നു. 2010ൽ മേത്തൊട്ടി, 2015ൽ കൂവക്കണ്ടം, 2020ൽ വീണ്ടും മേത്തൊട്ടി വാർഡുകളിൽ നിന്ന് മോഹൻദാസ് വാർഡ് മെമ്പറായി വിജയിച്ചിട്ടുണ്ട്. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട്, കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡി.സി.സി മെമ്പറും വെള്ളിയാമറ്റം സർവീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് അംഗവുമാണ്. തൊടുപുഴ ബ്രാഞ്ചിലെ എൽ.ഐ.സി ഏജന്റായ മോഹൻദാസ് അവിവാഹിതനാണ്.