അടിമാലി: മരം മുറിക്കുന്നതിനിടെ രോഗബാധിതനായി മരത്തിന് മുകളിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സാഹസികമായി താഴെയെത്തിച്ചു. അടിമാലി ആയിരമേക്കർ കൈത്തറിപ്പടിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സുനീഷ് എന്ന തൊഴിലാളിയാണ് മരത്തിന് മുകളിൽ കുടുങ്ങിയത്. മരം മുറിക്കുന്നതിനായി മുകളിൽ കയറിയ യുവാവിന് പണിയ്ക്കിടെ രോഗബാധയുണ്ടാവുകയായിരുന്നു. യുവാവ് മരത്തിന് മുകളിൽ അകപ്പെട്ടതോടെ സംഭവം അടിമാലി അഗ്നിരക്ഷാ സേനയെ അറിയിച്ചു. തുടർന്ന് അടിമാലി അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മരത്തിന് മുകളിൽ നിന്ന് സാഹസികമായി യുവാവിനെ താഴെ എത്തിച്ചു. അഗ്‌നിരക്ഷാ സേനാംഗങ്ങളായ വിനോദ് കെ, വിൽസൺ പി കുര്യാക്കോസ്, രാഹുൽ രാജ്, ജിജോ ജോൺ, അരുൺ, വിപിൻ, കിഷോർ, ഹോംഗാർഡ് ജോൺസൺ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.