
കട്ടപ്പന: അതിരാവിലെ തന്നെ തിരക്കുപിടിക്കുന്ന കട്ടപ്പന നഗരത്തിന്റെ ഒത്ത നടുക്ക് വെള്ളിയാഴ്ച പുലർച്ചെ ഒരു കൊച്ചു കേഴമാൻ വിരുന്നെത്തി. വെപ്രാളപ്പെട്ട് മൺത്തിട്ടയിൽ നിന്ന് ചാടി പോകുന്നതിനിടെ റോഡിന് സമീപത്തെ കെട്ടിടത്തിന്റെ പുറകിൽ കുടുങ്ങി.
തൊടുപുഴ- പുളിയന്മല റോഡിൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഫാഷൻഹിൽസ് എന്ന സ്ഥാപനത്തിന്റെ പരിസരത്തേക്ക് ഓടിയ മാൻകുട്ടിയാണ് കടയുടെ പിൻവശത്ത് കുടുങ്ങിയത്. മാനിനെ കാണാൻ ഓടിക്കൂടിയവർക്ക് ഇതൊരു കൗതുകമായിരുന്നുവെങ്കിലും കേഴ മാന് ഇതൊരു കെണി ആയിട്ടാണ് തോന്നിയത്. ചന്നം പിന്നം ഓടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ഥാപനത്തിന് പുറകിലെ കൽക്കെട്ടും മൺതിട്ടകളും കോൺക്രീറ്റ് ഭിത്തികളും മാർഗ്ഗതടസമായി. പക്ഷേ, ഇതെല്ലാം ഒരു രക്ഷാകവചമായിരുന്നു. തെരുവ് നായ്ക്കളുടെ കൈയിലകപ്പെടാതെ സുരക്ഷിതമായി അവിടെ നിന്നു. തുടർന്ന് സ്ഥാപന ഉടമ വനംവകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് കമ്പംമെട്ട് സെക്ഷൻ ഓഫീസിലെ വനപാലകർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കേഴമാനെ പിടികൂടിയത്. രാവിലെ കടയിലെത്തിയ ജീവനക്കാരാണ് മൂന്ന് വയസോളം പ്രായമുള്ള പെൺകേഴമാനെ കണ്ടത്. ആനകുത്തി മലയിൽ നിന്ന് കൂട്ടംതെറ്റി എത്തിയതാണെന്ന് സംശയിക്കുന്നു. തെരുവ്‌നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഏകദേശം 30 അടിയോളം ഉയരമുള്ള മൺതിട്ടയിൽ നിന്ന് ചാടി കടയുടെ പിൻവശത്ത് ഒളിച്ചതാകാമെന്നും വനപാലകർ പറഞ്ഞു. വെറ്ററിനറി സർജന്റെ പരിശോധനയിൽ ആരോഗ്യപ്രശ്‌നങ്ങളിലെന്ന് വ്യക്തമായതിനെ തുടർന്ന് ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കാഞ്ചിയാർ മറ്റപ്പള്ളിക്കവലയിൽ തുറന്നുവിട്ടു.