തൊടുപുഴ: വൈദ്യുതി തൂണിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് തൊടുപുഴ സെന്റ് മേരീസ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. വൈദ്യുതി തൂണിന് ചുവട്ടിലേക്ക് തീപ്പൊരി ചിതറി വീഴുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് സംഭവം കണ്ടത്. ചുവട്ടിൽ കാട് പടർന്ന വൈദ്യുതി തൂണിലൂടെ കയറിയ പെരുമ്പാമ്പിന് 11 കെ.വി ലൈനുകളിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ പെരുമ്പാമ്പ് താഴേക്ക് പതിച്ചെങ്കിലും താഴെയുള്ള സർവീസ് വയറുകളിലും വൈദ്യുതി ലൈനിലുമായി കുരുങ്ങിക്കിടന്നു. സംഭവമറിഞ്ഞ് ഉടൻ തന്നെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് ശേഷമാണ് പെരുമ്പാമ്പിന്റെ ജഡം താഴെ ഇറക്കിയത്. തുടർന്ന് വനംവകുപ്പ് അധികൃതരെത്തി ജഡം ഏറ്റെടുത്തു. തൊടുപുഴയിലെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മറവ് ചെയ്തു.