തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് വൈദികൻ സഞ്ചരിച്ച കാർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കാർ ഓടിച്ചിരുന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വട്ടപ്പിള്ളി അദ്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. കനത്ത മഴയെ തുടർന്ന് മുള്ളരിങ്ങാട് പുഴയിൽ നിന്ന് തലക്കോട് റോഡിൽ വെള്ളം കയറിയ സമയം ഇതു വഴി വരികയായിരുന്ന ഫാ. ജേക്കബ്ബിന്റെ കാർ ഒഴുക്കിൽപ്പെടുകയായിരുന്നു. കാറിന്റെ പിൻ ഭാഗത്തേക്കെത്തി ഡോർ തുറന്ന് പുറത്തിറങ്ങിയ വികാരി നീന്തി കരയോട് ചേർന്നുള്ള മരത്തിൽ പിടിച്ച് നിന്നെങ്കിലും മുകളിലേക്ക് കയറാനായില്ല. പുഴയ്ക്ക് സമീപത്തുണ്ടായിരുന്ന യുവാക്കളാണ് അദ്ദേഹത്തെ കരയ്‌ക്കെത്തിച്ചത്. 200 മീറ്ററോളം കാർ പുഴയിലൂടെ ഒഴുകിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കാളിയാർ സ്വദേശിയായ ഫാ. ജേക്കബ് വട്ടപ്പിള്ളിൽ ഏതാനും ദിവസം മുമ്പാണ് മുള്ളരിങ്ങാട് പള്ളിയിൽ ചുമതലയേറ്റത്. സ്ഥല പരിചയക്കുറവും റോഡിനോട് ചേർന്ന് പുഴയുടെ സംരക്ഷണ ഭിത്തിയുടെ ദൂരത്തെക്കുറിച്ച് ധാരണയില്ലാത്തതുമായിരുന്നു അപകടകാരണം. അതിനിടെ, നദിയിൽ ഉരുൾപൊട്ടി വെള്ളപ്പാച്ചിലുണ്ടായെന്ന ധാരണയിൽ പ്രദേശത്ത് മുന്നറിയിപ്പും നൽകിയിരുന്നു. തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേയ്ക്ക് പുറപ്പെട്ടെങ്കിലും ഉരുൾപൊട്ടലല്ലെന്ന് വ്യക്തമായതോടെ മടങ്ങി. ഒഴുക്കിൽപ്പെട്ട് മരത്തടിയിൽ തട്ടിനിന്ന കാർ നാട്ടുകാരുടെ നേതൃത്വത്തിൽ ജീപ്പിൽ വടം കെട്ടിവലിച്ച് ഇന്നലെ രാവിലെയാണ് കരയ്ക്കുകയറ്റിയത്.