നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനുള്ള ചില തത്പര കക്ഷികളുടെ ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമായാണ് യോഗം ഇന്ന് പല ആരോപണങ്ങളും നേരിടേണ്ടി വരുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 1480-ാം നമ്പർ വിജയപുരം ശാഖയുടെ സുവർണജൂബിലയോടനുബന്ധിച്ച് പുതിയതായി പണികഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വളർന്ന് വൈകല്യമുണ്ടാകുന്ന അവസ്ഥ പോലെയാണ് ആനുകൂല്യങ്ങൾ ചില പ്രത്യേക വിഭാഗങ്ങളിലേയ്ക്ക് മാത്രം മാറുമ്പോൾ കേരളത്തിന് സംഭവിക്കുന്നത്. ഹൈറേഞ്ച് ജനത നേരിടുന്ന പാരിസ്ഥിതി വിഷയങ്ങളിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണ എക്കാലവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, ശിവഗിരിമഠം സന്യാസി പ്രകാശം സ്വാമികൾ, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷിഹാബ്, വൈസ് പ്രസിഡന്റ് സരിത രാജേഷ്, വാർഡ് മെമ്പർമാരായ സി.എസ്. യശോധരൻ, ഷിനി സന്തോഷ്, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, സന്യാസിഓട ഇമാം ഷാഹുൽ ഹമീദ് മൗലവി, സന്യാസി ഓട എൻ.എസ്.എസ് കരയോഗത്തിലെ ആർ. വിക്രമൻപിള്ള, പി.ആർ.ഡി.എസ് കേന്ദ്രസമിതി അംഗം സുനിൽ കുമാരപുരം, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഹരിദാസ് കെ.വി, ഗണകമഹാസഭ താലൂക്ക് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് കെ.ജി രവീന്ദ്രൻ, ലതീശൻ എസ്, യൂണിയൻ കൗൺസിലർ എൻ. ജയൻ, സി.എൻ. ബാബു, മധു കമലാലയം, സുരേഷ് ചിന്നാർ, പഞ്ചായത്ത് കമ്മറ്റി അംഗം ശാന്തമ്മ ബാബു, പ്രസിഡന്റ് വി.കെ. സത്യവൃതൻ, സെക്രട്ടറി പി.ആർ. മണി എന്നിവർ സംസാരിച്ചു.