വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ നടുങ്ങി ജനം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ ഭീതിയിലാണ് ഇവിടത്തുകാർ. ഇവിടെ മഴക്കാലത്ത് ഇത്തരത്തിൽ വെള്ളം കുതിച്ചെത്തുക പതിവാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറിന് ആരംഭിച്ച ശക്തമായ മഴ രത്രി പത്തോടെയാണ് ശമിച്ചത്. മുള്ളരിങ്ങാട് പുഴ കര കവിഞ്ഞൊഴുകി. ഇതിനിടെ മലയിലെവിടെയോ ഉരുൾപൊട്ടിയെന്ന തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അഭ്യൂഹം പരന്നു. ഇതോടെ പ്രദേശത്ത് മുന്നറിയിപ്പും നൽകി. തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സും സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. എന്നാൽ ഉരുൾപൊട്ടലുണ്ടായില്ലെന്ന് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. ഇതിനിടെ വൈദികൻ സഞ്ചരിച്ച കാർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയതും ആശങ്കയ്ക്കിടയാക്കി. എന്നാൽ കാർ ഓടിച്ചിരുന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വട്ടപ്പിള്ളി അദ്ഭുതകരമായി രക്ഷപ്പെട്ടത് ആശ്വാസമായി. വെള്ളം കയറിയ മുള്ളരിങ്ങാട്- തലക്കോട് റോഡ് വഴി വരുമ്പോഴാണ് വൈദികന്റെ കാർ ഒഴുക്കിൽപ്പെട്ടത്. ഇതോടെ വികാരി മുൻ ഭാഗത്തെ ഡോർ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പിൻ ഭാഗത്തേക്കെത്തി ഡോർ തുറന്ന് പുറത്തിറങ്ങി. എന്നാൽ പുറത്തിറങ്ങിയ അദ്ദേഹം നീന്തിയെത്തി കരയോട് ചേർന്നുള്ള മരത്തിൽ പിടിച്ച് നിന്നെങ്കിലും മുകളിലേക്ക് കയറാനായില്ല. ഈ സമയം പുഴയ്ക്ക് സമീപത്തു തന്നെയുണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ അദ്ദേഹത്തെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
റോഡിൽ പലസ്ഥലത്തും കല്ലും മണ്ണും വീണുണ്ടായ ഗതാഗത തടസം നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് നീക്കിയത്. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായിരുന്നു. വണ്ണപ്പുറം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയറും സബ് എൻജിനിയറും വിവരമറിഞ്ഞിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഇതുമൂലം രാത്രി സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയ്ക്ക് ഒടിഞ്ഞ് വീണ മരങ്ങൾ പൂർണ്ണമായും മുറിച്ചുമറ്റാനാവാതെ മടങ്ങേണ്ടി വന്നു. വിവരം അറിയിച്ചവരോട് സബ് എൻജിനിയർ അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്. പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതോടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിരുന്നു. വെള്ളിലാംതൊട്ടി വെള്ളരിങ്ങാട് തങ്കച്ചന്റെ വീടിന്റെ പിൻവശത്തെ മൺതിട്ട ഇടിഞ്ഞുവീണു. ഇന്നലെ ഉച്ചയോടെ ശമിച്ച മഴ വൈകിട്ട് വീണ്ടും ആരംഭിച്ചത് ജനങ്ങൾക്കിടയിൽ ഭീതിയുണർത്തിയിട്ടുണ്ട്.
കാർ കരയിലെത്തിച്ചത് ശ്രമകരമായി
മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട വൈദികന്റെ കാർ ഏറെ ശ്രമത്തിനൊടുവിലാണ് നാട്ടുകാർ കരയിലെത്തിച്ചത്. വെള്ളി രാത്രി ഒഴുക്കിൽപ്പെട്ട മുള്ളരിങ്ങാട് ലൂർദ്മാതാ പള്ളി വികാരി ഫാ. ജേക്കബ് വട്ടപ്പിള്ളിയുടെ കാർ പള്ളി പരിസരത്തു നിന്ന് മുന്നൂറുമീറോളം അകലെ പുഴയിൽ നിന്ന് ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്. കാർ കണ്ടെത്തിയതിന് ഇരുവശത്തും റബ്ബർ തോട്ടങ്ങളായിരുന്നു. അവിടെ കരയിലേക്ക് കയറ്റിയാൽ റോഡിലേക്ക് എത്തിക്കുക സാധ്യമല്ലായിരുന്നു. തുടർന്ന് ക്രമേണ പുഴയിലൂടെ തന്നെ താഴേക്ക് ഒഴുക്കി നീക്കി. ഇതിന് ശേഷം റോഡിന് സമാരന്തമായ സമീപ ഭാഗത്തെത്തിയപ്പോൾ വടം കെട്ടി നാട്ടുകാരുടെ കൂട്ടായ ശ്രമത്തിൽ കരയിലേക്ക് കയറ്റുകയായിരുന്നു. കാർ നിശേഷം തകർന്ന് ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. കാർ കരയ്ക്ക് കയറ്റുന്ന സമയത്ത് മഴയുണ്ടായിരുന്നെങ്കിലും പുഴയിൽ ജലനിരപ്പ് ഉയരാതിരുന്നതിനാൽ രക്ഷാപ്രവർത്തനം തടസപ്പെട്ടില്ല.