ചെറുതോണി: കഴിഞ്ഞ വേനൽക്കാലത്തെ ഉഷ്ണ തരംഗത്തിൽ കൃഷികൾ നഷ്ടപ്പെട്ടവർക്കുള്ള വരൾച്ചാ ദുരിതാശ്വാസ സഹായം മാസങ്ങൾക്ക് ശേഷം കർഷകരെ ആദരിക്കുന്ന കർഷക ദിനമായിട്ടും നൽകാത്ത സർക്കാർ നിലപാടിൽ കേരളകർഷക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന തീയതി പല തവണ നീട്ടി നൽകി. ഉദ്യോഗസ്ഥരുടെ കുറവു മൂലം പലസ്ഥലത്തും സ്ഥല പരിശോധന പൂർത്തിയാക്കിയിട്ടില്ല. ദുരിതാശ്വാസം നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കാത്തത് കർഷകരോടുള്ള അവഗണനയാണ്. ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി വർധിപ്പിക്കണമെന്നും കൃഷി ഭവൻ കാർഷിക വികസന സമിതികളിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും എല്ലാ കർഷക സംഘടനാപ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് 20ന് ഉപ്പുതറയിൽ കേരളാ കോൺഗ്രസ് നേതൃത്വത്തിലുള്ള സമരത്തിൽ ജില്ലാ നിയോജക മണ്ഡലം ഭാരവാഹികളെയും ലോക നാളികേര ദിനമായ സെപ്തംബർ രണ്ടിന് വൈക്കത്ത് നടത്തപ്പെടുന്ന കേരകർഷക സൗഹൃദസംഗമങ്ങളുടെ സംസ്ഥാനതല സമാപന കർഷക സമ്മേളനത്തിൽ 120 പ്രതിനിധികളെയും പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ചെറുതോണിയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിനു ജോൺ അദ്ധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം തോമസ് പെരുമന, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, ബേബിച്ചൻ കൊച്ചുകരൂർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടോമി കാവാലം തുടങ്ങിയവർ പ്രസംഗിച്ചു.