കട്ടപ്പന: വയനാട് ദുരിതബാധിതർക്ക് ആശ്വാസമേകാൻ ചിത്രകാരന്മാരുടെ കൂട്ടായ്മ. കട്ടപ്പനയിലാണ് വയനാട്ടിന് കൈത്താങ്ങാകാൻ 'വരത്താങ്ങ് ' എന്ന പരിപാടി ചിത്രകല പരിഷത്ത് സംഘടിപ്പിച്ചത്. വയനാട് ദുരന്തത്തിൽ ഇരകളായവർക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രകലാപരിഷത്ത് സംസ്ഥാന വ്യാപകമായി വയനാട് 'വരത്താങ്ങ് ' എന്ന പരിപാടി സംഘടിപ്പിച്ചത്. ചിത്രകല പരിഷത്തിലെ അംഗങ്ങൾ സമൂഹ ചിത്രരചന നടത്തി. ഈ ചിത്രങ്ങൾ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന പണം വയനാട് ദുരിതബാധിതർക്ക് നൽകാനാണ് ചിത്രകലാപരിഷത്തിന്റെ തീരുമാനം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് കലാകാരന്മാരുടെ വിരലുകളിൽ ജന്മം കൊണ്ടത്. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ചിത്രരചന ഉദ്ഘാടനം ചെയ്തു.