തൊടുപുഴ: മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ പി.എസ്. ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടോണി കുര്യാക്കോസ് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫിൽ നിന്ന് അഞ്ചാം വാർഡ് മെമ്പർ എം. മധുവാണ് മത്സരിച്ചത്. 13 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ മൂന്നിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് പി.എസ്. ജേക്കബ് വിജയിച്ചത്. ഒരു അംഗമുള്ള ബി.ജെ.പി തിരഞ്ഞെടുപ്പിൽ നന്ന് വിട്ടുനിന്നു. യു.ഡി.എഫിലെ എട്ട് അംഗങ്ങളിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും നാല് പേർ വീതമാണുള്ളത്. ആദ്യ രണ്ടര വർഷം കേരള കോൺഗ്രസിലെ ടിസി ജോബായിരുന്നു പ്രസിഡന്റ്. പിന്നീടുള്ള ഒരു വർഷമാണ് ടോണി കുര്യാക്കോസ് പ്രസിഡന്റായത്. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട പി.എസ്. ജേക്കബ് 1995 മുതൽ മൂന്ന് ടേമിലായി 14 വർഷം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 25 വർഷമായി ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ ഏകവ്യക്തിയുമാണ്. നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമാണ്.