കട്ടപ്പന :മലയോര ഹൈവേ നിർമ്മാണത്തിന്റെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട കാഞ്ചിയാർ പാലാകടയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. മുൻപ് ഇവിടെ വീതി കൂട്ടുന്നുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവ പരിഹരിച്ച് മുന്നോട്ട്പോയിരുന്നു. . എന്നാൽ നിലവിൽ കലിങ്കുകളുടെ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനം മന്ദഗതിയിലാണ്. പാലാകടയിലെ 100 മീറ്റർ അധികം ദൂരമാണ് ഇപ്പോൾ ടാറിങ് ഉൾപ്പടെ ചെയ്യാനുള്ളത്. ഇതോടെ ഇവിടെ വലിയ യാത്രദുരിതമാണ് അനുഭവപ്പെടുന്നത് .
പാത കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ മഴപെയ്യുന്നതോടെ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗത പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുന്നു. അതോടൊപ്പം ഇരു ചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതിനും കാരണമാകുന്നു. നിർമ്മാണം നടക്കാത്ത ഭാഗമൊഴിച്ചാൽ ഇരുവശങ്ങളിലും ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചിട്ടുണ്ട്. ഇതോടെ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ പലപ്പോഴും വേഗത്തിൽ ബ്രേക്ക് ചെയ്യുന്നത് അപകടങ്ങളിലേക്ക് നയിക്കുന്നു. അതോടൊപ്പം രാത്രികാലങ്ങളിൽ വഴി പരിചയമില്ലാത്ത ആളുകൾ വേഗത്തിൽ എത്തുന്നതും അപകടങ്ങൾ വിളിച്ചു വരുത്തുന്നു. കലുങ്കിന്റെ നിർമ്മാണം മന്ദഗതിയിൽ നടക്കുന്നത് ഗതാഗത തടസ്സത്തിനും ഇടവരുത്തുകയാണ്. ഒപ്പം കാൽനടയാത്രക്കാർക്കും ഭീഷണി സൃഷ്ടിക്കുന്നു. അടിയന്തരമായി ഈ ഭാഗത്തെ നിർമ്മാണം പൂർത്തീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.