കട്ടപ്പന :കട്ടപ്പന വില്ലേജിൽ റവന്യൂ പുറമ്പോക്കിൽ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് റിസർവ് വനമാക്കി പ്രഖ്യാപിക്കുന്നതിനുള്ള സർക്കാരിന്റെ ഗൂഢനീക്കത്തെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
കഴിഞ്ഞ ആറരപതിറ്റാണ്ടുകളായി കല്യാണത്തണ്ട് മേഖലയിൽ ജീവിച്ചുവരുന്ന കുടുംബങ്ങൾ 2012 മുതൽ പട്ടയത്തിന് സമർപ്പിച്ചിട്ടുള്ള പട്ടയ അപേക്ഷകൾ പരിഗണിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു പകരം അവരെ ഒഴുപ്പിക്കയാണ് സർക്കാർ ചെയ്യുന്നത്.നഗരസഭയിലെ വീട്ടുനമ്പർ, വൈദ്യുതി കണക്ഷൻ, ആധാർ കാർഡ്, വോട്ടേഴ്സ് ലിസ്റ്റിൽ പേര് എന്നിവ ഉള്ളവരാണ്. എന്നാൽ ഭൂമിയിൽ പ്രവേശിക്കരുതെന്നാണ് റവന്യൂ വകുപ്പിന്റെ നിർദേശമെന്ന് കുടുംബങ്ങൾ പറയുന്നു.
ഈ സ്ഥിതിയിൽ വരുംദിവസങ്ങളിൽ വനമായി പ്രഖ്യാപിച്ച് വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ റവന്യൂ അധികാരികൾ വൈദ്യുതി ബോർഡിനോട് ആവശ്യപ്പെടും.ചിന്നക്കനാലിൽ റവന്യൂവനം വകുപ്പുകൾ സംയുക്തമായി നടത്തിയ ഗൂഢനീക്കത്തിന് തുല്യമായ നീക്കമാണ് കട്ടപ്പനയിലും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കുടുംബങ്ങളെല്ലാം വർഷങ്ങളായി കല്യാണത്തണ്ടിലെ സ്ഥിര താമസക്കാരാണെന്ന് വനംറവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാ ലിസ്റ്റിൽ നിന്നും വ്യക്തമാണ്.