കട്ടപ്പന : കല്യാണത്തണ്ടിൽ സർക്കാർ കുടിയൊഴിപ്പിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ച് കോൺഗ്രസ് ജനകീയ സമരത്തിനൊരുങ്ങുന്നു.ഇന്ന് വൈകിട്ട് 5ന് കല്യാണത്തണ്ട് മാളിയേക്കൽ ശിവന്റെ വസതിയിൽ ജനകീയ സംഗമം നടത്തുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രദേശത്തെ കർഷകർ കാലങ്ങളായി പട്ടയ അപേക്ഷ നൽകിയിരുന്നുവെങ്കിലും പുല്ലുമേട് എന്ന കാരണത്താൽ പട്ടയം നിഷേധിക്കുന്ന സ്ഥിതിയാണ്. എന്നാൽ ഈ പ്രദേശങ്ങളിൽ തന്നെയാണ് 350ഓളം കുടുംബങ്ങൾ ഗുണഭോക്താക്കളായ കട്ടപ്പന നഗരസഭ ഫണ്ട് അനുവദിച്ചുള്ള കുടിവെള്ളപദ്ധതി നിലനിൽക്കുന്നത്. 37 ഏക്കറോളം ഭൂമിയിൽ കാലങ്ങളായി താമസിച്ചുവരുന്ന 43 കുടുംബങ്ങളാണ് സർക്കാർ നടപടിയിലൂടെ ഭവനരഹിതരാകുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
. വില്ലേജ് ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ചക്കുംമൂട്ടിൽ, റൂബി വേഴമ്പത്തോട്ടം, ജോസ് ആനക്കല്ലിൽ, കെ.പി. ജയ്‌മോൻ, കെ.ഡി രാധാകൃഷണൻ നായർ, ശിവൻ മാളിയേക്കൽ, സി എം തങ്കച്ചൻ, ബാബു പുളിക്കൽ, രാജു വെട്ടിക്കൽ, പി ജെ ബാബു, റെജി മാത്യു, അരുൺ കാപ്പുകാട്ടിൽ എന്നിവർ പങ്കെടുത്തു.