പീരുമേട് : പീരുമേട് താലൂക്കിൽ പൂട്ടി കിടക്കുന്ന തേയില തോട്ടം തൊഴിലാളികൾക്ക് ഓണത്തിന് ലഭിക്കേണ്ട ഉത്സവ ബത്ത 3000 രൂപയാക്കി ഓണത്തിന് മുമ്പു തന്നെ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും നിവേദനം. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാട സാമിയാണ് നിവേദനം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഓണത്തിനും ക്രിസ്മസിനും ലഭിക്കേണ്ട ഉത്സവബത്ത തൊഴിലാളികൾക്ക് ഉത്സവ ദിനങ്ങൾക്കു ശേഷമാണ് ലഭിച്ചത്. 2001 മുതൽ എല്ലാ വർഷവും ഓണത്തിന് 2000 രൂപ ഉത്സവ ബത്തയായി ലഭിച്ചിരുന്നു. 2009 ൽ ആണ് വൻകിട തോട്ടങ്ങൾ പൂട്ടിയത്. താലൂക്കിൽ ചീന്താലാർ, ലോൺട്രീ, എം എം ജെ വക ബോനാമി, കോട്ടമല എസ്റ്റേറ്റുകളിലെ തൊഴിലാളികളാ ണ് ഈ ദുരിതം നേരിടുന്നത്. നിത്യ ചെലവിനായി തൊഴിലാളികൾ ദൂരെ സ്ഥലങ്ങളിൽ പോയി വീട്ടുവേലയും കൂലിപ്പണിയും ആണ് ചെയ്യുന്നത്. ദൈനം ദിന ചെലവുകൾ വർധിച്ച സാഹചര്യത്തിൽ അടച്ചു പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവ ബത്ത 3000 രൂപയായി വർദ്ധിപ്പിച്ചു ഓണത്തിന് മുമ്പായി നൽകണം എന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.