കട്ടപ്പന : ശ്രീനാരായണഗുരുദേവന്റെ 170 ആമത് തിരുജയന്തിക്ക് കട്ടപ്പന നഗരത്തെ പ്രകാശപൂരിതമാക്കി ഗുരുദേവ കീർത്തിസ്തംഭം. അലങ്കാര ബൾബുകൾ കൊണ്ട് അലങ്കരിച്ച ഈ ക്ഷേത്രം ഏറെ കൗതുകവും ഉണർത്തുന്നു.
കട്ടപ്പന നഗരത്തിൽ ഒരു വിസ്മയം തീർത്താണ് ഗാന്ധി സ്‌കോയറിന് സമീപം ഗുരുദേവക്ഷേത്രം നിലകൊള്ളുന്നത്. വിശുദ്ധ കുരിശും ദിവ്യമായ ചന്ദ്രക്കലയും പ്രണവ മന്ത്രമായ ഓംകാരവും ഒരു ശിലയിൽ പ്രതിഷ്ഠിക്കപ്പെട്ടതിനാൽ ദേശീയ പ്രാധാന്യം ലഭിച്ച ഗുരുദേവ കീർത്തി സംതഭമാണിത്. ഒപ്പം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗുരുദേവക്ഷേത്രം എന്ന പ്രാധാന്യവും ഉണ്ട്. ക്ഷേത്രത്തിൽ ഏകശിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഏകദൈവ പ്രതിഷ്ഠ മറ്റൊരു ക്ഷേത്രങ്ങളും കാണാത്ത പ്രത്യേകതയുമാണ്.
1985ൽ രാഷ്ട്രപതിയായിരുന്ന ആർ വെങ്കിട്ടരാമനാണ് ക്ഷേത്രം നാടിന് സമർപ്പിച്ചത്. ഏഴു നിലകളിലായിട്ടാണ് കീർത്തി സ്തംഭത്തിന്റെ നിർമാണം. ഒന്നാം നിലയിൽ ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയാണ്. രണ്ടാം നിലയിൽ തമിഴ്നാട്ടിലെ നവോത്ഥാന നായകൻ ഇ വി രാമസ്വാമിനായ്ക്കരുടെയും മൂന്നാം നിലയിൽ എസ്എൻഡിപി യോഗത്തിന്റെ സ്ഥാപക നേതാവ് ഡോക്ടർ പൽപ്പുവിന്റെയും, നാലാം നിലയിൽ മഹാകവി കുമാരനാശാന്റെയും, വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യശില്പിയായ ടി കെ മാധവന്റെയും ,അഞ്ചാം നിലയിൽ ഡോ.ബി ആർ അംബേദ്കറുടെയും , ആറാം നിലയിൽ ഗുരുവിന്റെ ഏകദൈവസങ്കൽപത്തിന്റെ പ്രതീകമായി ഏക ശിലയിൽ കൊത്തിവെച്ചിരിക്കുന്ന ഓംകാരവും കുരിശും ചന്ദ്രക്കലയും കാണാം. ഏഴാം നിലയിൽ ശ്രീനാരായണഗുരുദേവന്റെ പൂർണ കായ പ്രതിമായണ്. 105അടിയാണ് ശ്രീനാരായണ ഗുരുദേവ കീർത്തി സമ്പത്തിന്റെ ഉയരം.