തൊടുപുഴ.സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മേൽ സാലറി ചലഞ്ച് അടച്ചേൽപ്പിക്കരുതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.അഞ്ചോ അതിൽ അധികമോ ദിവസത്തെ ശമ്പളം കൊടുക്കാൻ താല്പര്യമുള്ളവർക്ക് നൽകുന്നതിന് സംഘടന എതിരല്ല .പല കാരണങ്ങളാൽ അഞ്ചു ദിവസത്തെ ശമ്പളം കൊടുക്കാൻ കഴിയാത്തവരിൽ നിന്നും പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ല.22 ശതമാനം ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്. 2019 ലെ ശമ്പളം മാത്രമാണ് ഇപ്പോഴും വാങ്ങുന്നത് ഈ സാഹചര്യത്തിൽ അഞ്ചു ദിവസത്തെ ശമ്പളത്തിൽ കുറച്ചു സ്വീകരിക്കില്ല എന്ന ഉത്തരവ് തിരുത്തി അവരവർക്കു കഴിവുള്ള തുകനൽകി എല്ലാവർക്കും പങ്കെടുക്കുവാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കണം.ജീവനക്കാരെ ഭീഷണിപ്പെടുത്തി സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കാൻ ചില ഭരണാനുകൂല സംഘടനകൾ നടത്തുന്ന ശ്രമത്തെ ചെറുക്കുമെന്ന് കെ. ജി. ഒ. യു ജില്ലാ പ്രസിഡന്റ് സാബു ജോൺ ,സെക്രട്ടറി കെ .കെ അനിൽ, ട്രഷറർ രാജേഷ് ബേബി എന്നിവർ പറഞ്ഞു.