road

മുട്ടം: മലങ്കര ടൂറിസം ഹബ്ബിലേക്കുള്ള പ്രവേശന കവാടത്തിലെ കുഴി താത്കാലികമായി നികത്തി. ടൂറിസം ഹബ്ബിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് നികത്തിയത്. മെയിൻ റോഡിൽ നിന്ന് ഹബ്ബിലേക്ക് പ്രവേശിക്കുന്ന കവാടത്തിലാണ് റോഡിലെ മിറ്റലും ടാറിംഗും ഇളകി വലിയ കുഴി രൂപപ്പെട്ടത്. മഴ പെയ്തതിനെ തുടർന്ന് വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയായിരുന്നു. ടൂറിസം ഹബ്ബ് കൂടാതെ, റൈഫിൾ ക്ലബ്, എം.വി.ഐ.പി ഓഫീസുകൾ, എം.വി.ഐ.പി ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയും ഇതാണ്. ടൂറിസം ഹബ്ബിലേക്ക് ഉൾപ്പെടെ നിത്യവും നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. ഇരുവശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാതെ ഏറെ സമയം റോഡിൽ കുരുങ്ങുന്നതും പതിവ് സംഭവമായിരുന്നു. വാഹനങ്ങൾക്ക് ചലിക്കാൻ കഴിയാത്തതിനാൽ ഡ്രൈവർമാർ തമ്മിൽ വാക്കേറ്റങ്ങളും പതിവായിരുന്നു. തുടർന്നാണ് ഹബ്ബിലെ ജീവനക്കാർ കുഴി നികത്താൻ മുന്നിട്ടിറങ്ങിയത്.