മുട്ടം: ബാറിൽ നിന്ന് 85,000 രൂപ മോഷ്ടിച്ച ജീവനക്കാരൻ പൊലീസ് പിടിയിൽ. മുട്ടം ഓയാസീസ് ബാറിലെ ജീവനക്കാരനായ കൊല്ലം പരവൂർ സ്വദേശി തെങ്ങുവിള തൊടിയിൽ ജയകൃഷണനാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 10.45നായിരുന്നു മോഷണം. പണം മോഷ്ടിച്ച ശേഷം മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപെടുന്ന ദൃശ്യങ്ങൾ ബാറിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ഭാഗത്ത് നിന്നുമാണ് മുട്ടം പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് മോഷ്ടിച്ച പണം കണ്ടെത്തി. മുട്ടം സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷ്ടാവ് കയറിയ ബൈക്ക് ഉടമയ്ക്ക് മോഷണവുമായി ബന്ധമില്ലെന്നാണ് പൊലിസ് നിഗമനം. സർക്കിൾ ഇൻസ്‌പെക്ടർ സോൾജിമോന്റ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽകുമാർ, അരുൺ കുമാർ, ജബ്ബാർ എൻ.കെ, എസ്.സി.പി.ഒമാരായ ലിജുമോൻ പ്രദീപ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.