കട്ടപ്പന: അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം എന്ന് അരുളിയ ശ്രീനാരായണ ഗുരുദേവൻ വിശ്വസാഹോദര്യത്തിന്റെ മഹാ പ്രവാചകനാണെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ദിനാഘോഷ സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കട്ടപ്പനയിൽ കൊച്ചുതോവാള, കട്ടപ്പന, വെള്ളയാംകുടി, പുളിയന്മല, കട്ടപ്പന നോർത്ത് എന്നീ ശാഖാ യോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചതയ ദിനാഘോഷം നടന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാട രഹിതമായ ഘോഷയാത്രയും സമ്മേളനവുമാണ് ഈ വർഷത്തെ ജയന്തി ദിന നാളുകളിൽ മലനാട് യൂണിയനിൽ നടത്തുന്നതിന് ആഹ്വാനം ചെയ്തത്. ആർഭാടങ്ങൾക്ക് ഉപയോഗിച്ചിരുന്ന തുക വയനാട്ടിലെ നമ്മുടെ പ്രിയ സഹോദരങ്ങൾക്കായി ഉപയോഗിക്കുന്നതിന് തീരുമാനിച്ചു. സമാഹരിക്കുന്ന തുകയുടെ ഏറ്റുവാങ്ങൽ കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു. ചടങ്ങിൽ മലനാട് സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ ഷാജി പുള്ളോലിൽ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.ആർ. മുരളീധരൻ, മലനാട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സി.കെ. വത്സ, കട്ടപ്പന നോർത്ത് ശാഖാ പ്രസിഡന്റ് ജോഷി കുട്ടട സ്വാഗതവും പുളിയന്മല ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല നന്ദിയും പറ‌ഞ്ഞു. ശാഖാ പ്രസിഡന്റുമാരും സെക്രട്ടറിമാരും വിവിധ പോഷകസംഘടനാ നേതാക്കളും പങ്കെടുത്തു.