തൊടുപുഴ: റാവുത്തർ ഫെഡറേഷന് കീഴിൽ രൂപീകരിച്ച എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ ട്രസ്റ്റ് ആരംഭിച്ച റാവുത്തർ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിന്റെ ജില്ലാതല പ്രൊമോഷൻ പ്രോഗ്രാം 24ന് തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്തനംതിട്ട വല്ലനയിൽ ആരംഭിച്ച കോളേജിൽ വിവിധ ഡിഗ്രി പ്രോഗ്രാമുകൾ വിജയകരമായി നടന്നു വരികയാണ്. കൂടുതൽ സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. കോളേജിനായി അഞ്ച് ഏക്കർ സ്ഥലം ട്രസ്റ്റ് വാങ്ങിയിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിനായി ഫണ്ട് സമാഹരിക്കുന്നതിനായാണ് പ്രൊമോഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 24ന് രാവിലെ 11.30ന് തൊടുപുഴ വിനായക കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ട്രസ്റ്റ് മെമ്പർ വി.എസ്. സെയ്തു മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യും. എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ ചെയർമാൻ എം അബ്ദുൾ സലാം വിഷയാവതരണം നടത്തും. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ റാവുത്തർ കോളേജ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ഇ. ഷിഹാബുദ്ദീൻ, റാവുത്തർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.എസ്. സെയ്തുമുഹമ്മദ്, ജില്ലാ പ്രസിഡന്റ് പി.കെ. മൂസ, ട്രസ്റ്റ് മെമ്പർ ഡോ. കാസിം റാവുത്തർ പങ്കെടുത്തു.