തൊടുപുഴ: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് മുട്ടം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം മേഖലകളിൽ വ്യാപകമായ നാശനഷ്ടം. നിരവധി വീടുകൾ, വൈദ്യുതി തൂണുകൾ, കാർഷിക വിളകൾ തുടങ്ങിയവ പൂർണ്ണമായും ഭാഗികമായും നശിച്ചു. പുലർച്ചെ
5.30നാണ് മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയത്. 15 മിനിറ്റോളം നേരത്തെ ശക്തമായ കാറ്റ് വലിയ ഭീതിയാണുണ്ടാക്കിയതെന്ന് പ്രദേശ വാസികൾ പറഞ്ഞു. ഭീതിയുണർത്തും വിധം മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞ് വീഴുന്നതിന്റെ വലിയ ശബ്ദങ്ങൾ കേട്ട് പുലർച്ചെ ഞെട്ടലോടെയാണ് മിക്കവരും ഉറക്കത്തിൽ നിന്ന് ഉണർന്നത്. മുടങ്ങിയ വൈദ്യുതി വിതരണം പലയിടത്തും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. കുടയത്തൂർ പഞ്ചായത്തിൽ വയനക്കാവിന് സമീപം പരപ്പുംകരയിലാണ് കാറ്റ് കൂടുതൽ നാശനഷ്ടം വിതച്ചത്. കുടയത്തൂർ, ആനക്കയം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വയനക്കാവിന് സമീപത്ത് നിന്ന് കോളപ്രയ്ക്കും ആനക്കയത്തിനുമുള്ള റോഡുകളിലേക്ക് വൈദ്യുതി തൂണും മരങ്ങളും ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. വയനക്കാവ് ഭാഗത്ത് നിന്ന് ആനക്കയം ഭാഗത്തേക്കുള്ള റോഡിൽ കൂറ്റൻ വാകമരം ഒടിഞ്ഞ് വീണു. പരപ്പുംകരയിൽ കാട്ടാംപിള്ളിൽ ശങ്കരപ്പിള്ളയുടെ വീടിന്റെ പിൻഭാഗത്തേക്ക് മരം ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു. കല്ലാറ്റിൻ ജോസിന്റെ പുരയിടത്തിൽ നിന്ന തേക്ക് മരം ഒടിഞ്ഞ് സമീപത്തെ വീട്ടുമുറ്റത്തേക്ക് വീണു. രണ്ട് വീടുകളുടെ ഇടയിലുള്ള ഭാഗത്തേക്കാണ് തേക്ക് വീണത്. വലിയ പുരയ്ക്കൽ ജോസിന്റെ കിണറിന് മുകളിലേക്ക് മരം മറിഞ്ഞു വീണു. ആനക്കയത്ത് അറയ്ക്കൽ ജോർജിന്റെ പുരയിടത്തിലെ തേക്ക് മരങ്ങൾ ഒടിഞ്ഞു വീണു. മുട്ടം മേഖലയിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. തുടങ്ങനാട് വാഴക്കാല മനു മാത്യുവിന്റെ വീടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു. കാക്കൊമ്പ് തെങ്ങനാകുന്നേൽ സജിയുടെ തൊഴുത്തിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് തകർന്നു. തുടങ്ങനാട് മുണ്ടയ്ക്കൽ വാതിലിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇടപ്പള്ളി പാമ്പാനാനി ഭാഗത്ത് മരം വീണ് വൈദ്യുതി തൂൺ ഒടിഞ്ഞു. പലയിടത്തും വ്യാപകമായി വൈദ്യുതി ലൈൻ പൊട്ടി വീണു. ശങ്കരപ്പിള്ളി ഫോറസ്റ്റ് ഓഫീസിനു സമീപം മരം ഒടിഞ്ഞു വീണു. മുട്ടം ഇടപ്പള്ളി പാമ്പനാനി സെന്റ് ജൂഡ് ചാപ്പലിന് സമീപം വൈദ്യുതി തൂണിലേക്ക് മരം വീണ് ലൈൻ കമ്പി പൊട്ടി. കാക്കൊമ്പ് തെങ്ങാനാകുന്നേൽ സജിയുടെ തൊഴുത്തിന്റെ മുകളിലേയ്ക്ക് മരം വീണ് തൊഴുത്ത് പൂർണ്ണമായും തകർന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ വടക്കോടിൽ കൃഷ്ണൻകുട്ടിയുടെ വീടിന് മുകളിലേക്ക് തേക്ക് മരം വീണു. ഓടും ആസ്പറ്റോസ് ഷീറ്റും മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. മുട്ടം- തൊടുപുഴ, മുട്ടം- തുടങ്ങനാട്, മുട്ടം- മേലുകാവ്, മുട്ടം- കുടയത്തൂർ റൂട്ടിലും വ്യാപകമായി മരങ്ങൾ നിലംപതിച്ചു.
വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന്റെ മുകളിലേക്ക് മരം വീണെങ്കിലും വിധവയായ വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇലപ്പള്ളി ചെന്നപ്പാറയിൽ താമസിക്കുന്ന ചിറ്റടിച്ചാലിൽ ഗീത സോമന്റെ (60) വീടിന് മുകളിലേക്കാണ് മരം വീണത്. ഇന്നലെ പുലർച്ചെ നാലിന് അപകടം നടക്കുമ്പോൾ ഗീത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒച്ച കേട്ട് ഗീത പുറത്തേക്ക് ഓടി. അതു കൊണ്ട് കൂടുതൽ അപകടം ഉണ്ടായില്ല. വീടിന്റെ മേൽക്കൂരയും അടുക്കളയിലിരുന്ന പാത്രങ്ങളും നശിച്ചു. ഗീത അയൽവീട്ടിൽ അഭയം തേടി.
ലക്ഷങ്ങളുടെ നഷ്ടം
മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. റവന്യൂ, കൃഷി, വനം, വൈദ്യുതി, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ കൃത്യമായ കണക്കുകൾ അടുത്ത ദിവസങ്ങളിലാകും തിട്ടപ്പെടുത്തുന്നത്. രണ്ട് പഞ്ചായത്ത് പ്രദേശങ്ങളിലും നാശം വിതച്ച സ്ഥലങ്ങൾ പഞ്ചായത്ത് ജനപ്രതിനിധികൾ, റവന്യൂ, വനം, വൈദ്യുതി വകുപ്പ് അധികൃതർ സന്ദർശിച്ചു.
കാർഷിക മേഖലയ്ക്കും കനത്ത നഷ്ടം
കാറ്റിൽ നിരവധിപ്പേരുടെ കപ്പ, വാഴ, റബ്ബർ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കാപ്പി, റംബുട്ടാൻ, പാവൽ തുടങ്ങിയ കാർഷിക വിളകൾ കൂട്ടത്തോടെ നിലം പൊത്തി. നൂറുകണക്കിന് കപ്പയും വാഴയുമാണ് ചുവടോടെ മറിഞ്ഞത്. പരപ്പുംകരയിൽ കാട്ടാംപിള്ളിൽ ബിജു കൃഷി ചെയ്തിരുന്ന കപ്പ, വാഴ കൃഷികൾക്ക് നാശനഷ്ടം ഉണ്ടായി. പ്രദേശത്ത് വ്യാപകമായി റബർ മരങ്ങൾ ഒടിഞ്ഞ് വീണു. താഴത്തെതയ്യിൽ ശ്രീജിത്തിന്റെ റബ്ബർ മരങ്ങളും കപ്പയും മറിഞ്ഞു വീണു. പടിക്കാപ്പറമ്പിൽ സനലിന്റെ കൃഷിയും നശിച്ചു. പ്രദേശത്തെ നിരവധി തേക്ക് മരങ്ങളും കടപുഴകി.