വണ്ണപ്പുറം: ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 24ന് ഉച്ചയ്ക്ക് രണ്ടിന് സ്ത്രീസംഗമം, മഹാറാലി, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവ വണ്ണപ്പുറം അറ്റ്‌ലാന്റ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ബി.ജെ.പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വണ്ണപ്പുറം അമ്പലപ്പടിയിൽ നിന്ന് വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ മഹാറാലി ആരംഭിക്കും. സ്ത്രീസംഗമത്തിൽ തൊടുപുഴ താലൂക്കിലെയും ജില്ലയിലെയും ബി.ജെ.പിയുടെയും വിവിധ മോർച്ചകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം വനിതാ ഭാരവാഹികൾ പങ്കെടുക്കും. മഹാറാലിയ്ക്ക് ശേഷം വണ്ണപ്പുറം കോടാമുള്ളിൽ ഷോപ്പിംഗ് ആർക്കേഡിന് സമീപം നടക്കുന്ന പൊതുസമ്മേളനം ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അജിത്കുമാർ അദ്ധ്യക്ഷനാകും. ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി ബിനു ജെ. കൈമൾ, മണ്ഡലം പ്രസിഡന്റ് എൻ.കെ. അബു, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. സനൽകുമാർ എന്നിവർ സംസാരിക്കും. ജില്ലാ കമ്മിറ്റിയംഗം സുരേഷ് തട്ടുപുരയ്ക്കൽ സമാപന പ്രസംഗം നടത്തും. മണ്ഡലം സെക്രട്ടറി ജി. അഡ്വ. സുരേഷ്‌കുമാർ സ്വാഗതവും പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് കല്ലേപ്പിള്ളിൽ നന്ദിയും പറയും. പൊതുസമ്മേളനത്തിന് ശേഷം വിവിധ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും. വാർത്താസമ്മേളനത്തിൽ എൻ.കെ. അബു, അഡ്വ. സുരേഷ്‌കുമാർ ജി, ടി.കെ. സനൽകുമാർ, കെ.കെ. അജിത്കുമാർ, സുരേഷ് തട്ടുപുരയ്ക്കൽ എന്നിവർ പങ്കെടുത്തു.