കട്ടപ്പന : കല്യാണത്തണ്ടിൽ റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ച സ്ഥലത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ യോഗം ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി ജയന്തിയായ 28 ന് വകുപ്പുതല യോഗം ചേർന്ന് വിഷയത്തിന് പരിഹാരം കാണുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാഗ്ദാനം ജങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് സംശയിക്കുന്നതായും ആ ദിവസം ഉദ്യോഗസ്ഥർ ഉൾപ്പടെ അവധിയിലായിരിക്കുമ്പോൾ എങ്ങനെയാണ് യോഗം നടക്കുന്നതെന്നും തോമസ് രാജൻ ചോദിച്ചു. ജനകീയ സമരത്തിന് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നേതൃത്വം നൽക്കും. ഇതിന്റെ ഭാഗമായി ഞായറാഴ്ച 2 മുതൽ ശിവൻ മാളിയേക്കലിന്റെ ഭവനത്തിൽ മേഖലയിലെ ജനങ്ങളുടെ ആധികാരിക രേഖകളുടെ കോപ്പികൾ ശേഖരിക്കും. കലക്ടർ, റവന്യൂ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകും. പ്രക്ഷോഭങ്ങളുടെ ഭാഗമായി 27ന് കട്ടപ്പന വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. ബിജു ചക്കുംചിറ ചെയർമാനായി 21 അംഗ ജനകീയ കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷനായി. തോമസ് മൈക്കിൾ, ജോസ് മുത്താനാട്ട്, പ്രശാന്ത് രാജു, രാജു വെട്ടിക്കൽ, മേരി ദാസൻ, പി ജെ ബാബു, സജീവ് കെ എസ്, അരുൺ കപ്പുകാട്ടിൽ, രാജേന്ദ്രൻ, നോബിൾ, ഷാജൻ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.