തൊടുപുഴ: മുസ്ലീംലീഗ് കൗൺസിലർമാരുടെ പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയതിന് പിന്നാലെ കോൺഗ്രസും ലീഗും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നു. ഇതിന് തെളിവാണ് തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നിന്നും യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി മുസ്ലീംലീഗ് അംഗങ്ങൾ വിട്ടുനിന്നത്. ബി.ജെപിയുടെയും എൽ.ഡി.എഫിന്റെയും അംഗങ്ങൾക്ക് പുറമെ ലീഗിന്റെയും അംഗങ്ങൾ വിട്ടുനിന്നതോടെയാണ് ക്വാറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാതെ തള്ളിയത്. കൈക്കൂലിക്കേസിൽപ്പെട്ട മുൻ ചെയർമാൻ സനീഷ് ജോർജ്ജ് രാജിവച്ചതിന് പിന്നാലെ ആഗസ്റ്റ് എട്ടിനാണ് വൈസ് ചെയർപേഴ്സനെതിരെ യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

നിലവിൽ 34 അംഗങ്ങളുള്ള കൗൺസിലിൽ അവിശ്വാസം ചർച്ച ചെയ്യണമെങ്കിൽ 18 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. 13 അംഗങ്ങളുള്ള യു.ഡി.എഫിന് ബി.ജെ.പിയുടെ പിന്തുണ കൂടി ലഭിച്ചാൽ മാത്രമായിരുന്നു ഇത് സാദ്ധ്യമാകുക. എന്നാൽ ഇന്നലെ രാവിലെ 11ന് വാരണാധികാരിയായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലിലെത്തിയത് ആകെ എട്ട് പേരാണ്. ആറ് കോൺഗ്രസ് അംഗങ്ങളെ കൂടാതെ കേരള കോൺഗ്രസ് അംഗം ജോസഫ് ജോണും കഴിഞ്ഞ ദിവസം പെട്ടേനാട് വാർഡിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലീംലീഗ് സ്വതന്ത്രനും മാത്രമാണ് ഹാജരായത്. സ്വതന്ത്ര നിലപാടെടുത്ത മുൻ ചെയർമാൻ സനീഷ് ജോർജ്ജും ഹാജരായില്ല. ഇതോടെ അവിശ്വാസപ്രമേയം തള്ളിയതായി വാരണാധികാരി അറിയിക്കുകയായിരുന്നു. 35 അംഗ കൗൺസിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്.

=എൽ.ഡി.എഫ്- 12, യു.ഡി.എഫ്- 13, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.


ആഗസ്റ്റ് 12ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാർത്ഥികളെ വീതം നിറുത്തിയതോടെയാണ് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം കൈവിട്ടുപോയത്. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ എല്ലാവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌തോടെയാണ് ഇടതുപക്ഷത്തിന് ഭരണം കിട്ടിയത്. തുടർന്ന് ദിവസങ്ങളോളം ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം വാക്‌പോര് തുടർന്നു. യു.ഡി.എഫുമായി സഹകരിക്കില്ലെന്നും ലീഗ് വ്യക്തമായിരുന്നു. എന്നാൽ വൈസ് ചെയർപേഴ്സനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുമെന്നായിരുന്നു അവസാനം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

=പ്രശ്ന പരിഹാരത്തിന് യു.ഡി.എഫ് സംസ്ഥാനതലത്തിൽ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ കോൺഗ്രസുമായുള്ള പടലപ്പിണക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ലീഗിന്റെ വിട്ടുനിൽക്കലിൽ നിന്ന് വ്യക്തമാകുന്നത്.


'ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ലീഗ് കൗൺസിലർമാർ അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നത്. ചെയർമാൻ തിരഞ്ഞെടുപ്പിൽ തങ്ങളോട് കാണിച്ചത് തെറ്റായിപ്പോയെന്ന് കോൺഗ്രസിന് ബോദ്ധ്യമായി തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിൽ പ്രശ്നപരിഹാരമാകുന്നതു നിലവിലുള്ള നിസഹകരണം തുടരും"

-മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ

'ചെയർമാൻ തിര‌ഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും തമ്മിലുള്ള ആശയഭിന്നത സംബന്ധിച്ച് എല്ലാവർക്കും അറിവുള്ളതാണല്ലോ. എങ്കിലും വൈസ് ചെയർപേഴ്സനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ മുസ്ലീംലീഗ് കൗൺസിലർമാർ വരുമെന്നായിരുന്നു പ്രതീക്ഷ."

-കോൺഗ്രസ് കൗൺസിലർ കെ. ദീപക്

'കോൺഗ്രസും മുസ്ലീംലീഗും തമ്മിലുള്ള അനൈക്യം ഇനിയെങ്കിലും പരിഹരിച്ചില്ലെങ്കിൽ യു.ഡി.എഫിന് ദോഷം ചെയ്യും. ഇത് പി.ജെ. ജോസഫ് അടക്കമുള്ള മുതിർന്ന യു.ഡി.എഫ് നേതാക്കൾ അതിന്റേതായ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുള്ളത്. ഉടൻ പ്രശ്നപരിഹാരത്തിന് ശ്രമിച്ചു വരികയാണ്."

-കേരള കോൺഗ്രസ് കൗൺസിലർ ജോസഫ് ജോൺ