സബ്സിഡി നിരക്കിൽ 13 ഇനങ്ങൾ
തൊടുപുഴ: വിലക്കുറവിന്റെ ഓണമൊരുക്കാൻ കൺസ്യൂമർ ഫെഡ്, സപ്ലൈക്കോ ഓണച്ചന്തകൾ റെഡി. സെപ്തംബർ ആദ്യവാരം മുതൽ ഓണച്ചന്തകൾ ആരംഭിക്കും. കുടുംബശ്രീ മേളകൾ കൂടിയാകുന്നതോടെ സാധാരണക്കാരുടെ ഓണം ഇത്തവണയും കളറാകും. ജില്ലയിൽ എല്ലാ പഞ്ചായത്തിലും സഹകരണ സംഘങ്ങൾ സെപ്തംബർ ഏഴു മുതൽ 14 വരെ ഓണച്ചന്തകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു. കൺസ്യൂമർ ഫെഡിന്റെ ഏഴ് ത്രിവേണി സ്റ്റോറുകളിലും 63സഹകരണ സംഘങ്ങളുമാണ് ചന്തകൾ നടത്തുക. എല്ലാ നിത്യോപയോഗ സാധനങ്ങളും സബ്സിഡി നിരക്കിലും മറ്റുള്ളവ 20 മുതൽ 40 ശതമാനം വരെ വിലക്കുറവിലും ലഭിക്കും. സബ്സിഡി നിരക്കിൽ 13 ഇനങ്ങൾ കിട്ടും. ജയ അരി, കുറുവ അരി, കുത്തരി എന്നിവ ചേർത്ത് എട്ട് കിലോയും പച്ചരി രണ്ടുകിലോയും ലഭിക്കും. പഞ്ചസാര, ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവര പരിപ്പ് (ഒരു കിലോ വീതം), മുളക്, മല്ലി (അര കിലോവീതം), വെളിച്ചെണ്ണ- 500 മില്ലി ലിറ്റർ എന്നിവയാണ് ഒരാൾക്ക് നൽകുന്ന അളവ്. വെളിച്ചെണ്ണയ്ക്ക് വിപണിവില 185 രൂപയാണ്. ഇത് 110 രൂപയ്ക്ക് ലഭിക്കും. സപ്ലൈക്കോ തൊടുപുഴയിൽ ജില്ലാ ഫെയർ നടത്തും. മുനിസിപ്പൽ മൈതാനിയിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ സബ്സിഡി സാധനങ്ങളും മറ്റുള്ളവ വിലക്കുറവിലും ലഭ്യമാകും. സെപ്തംബർ ആറു മുതൽ 14വരെയാണ് മേള. ജില്ലയിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ മിനിഫെയറുകളും നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും.
ഉപ്പേരിയും ശർക്കരവരട്ടിയും
കുടുംബശ്രീ വക
ഇത്തവണ സദ്യയ്ക്ക് ഇലയുടെ അരികിലുണ്ടാകുക കുടുംബശ്രീ ബ്രാൻഡ് വക ഉപ്പേരിയും ശർക്കരവരട്ടിയും. ജില്ലയിൽ 15 സംരംഭകരെ ബ്രാൻഡിങ്ങിനായി കണ്ടെത്തി ക്ലസ്റ്റർ രൂപീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 10സംരംഭകരാണ് ബ്രാൻഡിങ്ങിന് തയ്യാറായിട്ടുള്ളത്. കുടുംബശ്രീയുടെ വിപണന മേളകളിലൂടെ ഇവ വിറ്റഴിക്കും. സംരംഭകരുടെ നിലവിലുള്ള വിതരണ ശൃംഖലയ്ക്ക് കുടുംബശ്രീ ബ്രാൻഡിന്റെ പിന്തുണ കൂടി ലഭിക്കുകയാണ്. 100, 250 ഗ്രാമുകളുടെ ഉപ്പേരിയും ശർക്കരവരട്ടിയുമാണ് വിൽപനയ്ക്കെത്തുക. ജില്ലയിലെ 52 ഗ്രാമ സി.ഡി.എസുകളിലും മൂന്ന് നഗര സി.ഡി.എസുകളിലുമായി 120 ഓണച്ചന്തകളാണ് കുടുംബശ്രീ ആരംഭിക്കുക. പുറമേ ജില്ലാ ഓണച്ചന്തയും പ്രവർത്തിക്കും.