തൊടുപുഴ: ആദിവാസി ഊരുകളിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ ഇതുവരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നിൽ ഊര് മൂപ്പന്മാർ പ്രതിഷേധവുമായി രംഗത്തെത്തി. വിതരണം ചെയ്ത ഭക്ഷ്യ സാധനങ്ങൾ ജില്ലാ പട്ടികവർഗ ഓഫീസിൽ തിരിച്ചേൽപ്പിച്ചായിരുന്നു സമരം. പ്രതിഷേധ സമരത്തെ തുടർന്ന് ഏറെ നേരം ഓഫീസിന്റെ പ്രവർത്തനം തടസപ്പെട്ടു. പട്ടികവർഗ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ, അസി. ജില്ലാ പ്രോജക്ട് ഓഫീസർ ജില്ലാ ജിജി തോമസ് എന്നിവരുടെ മുന്നിലാണ് ആദിവാസി ഊരുമൂപ്പൻ സംഘടനാ നേതാവ് എം.ഐ. ശശിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. രാവിലെ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചാണ് സമരം ആരംഭിച്ചത്. പിന്നീടാണ് ഇവർ ഭക്ഷ്യ വസ്തുക്കളുമായി ഐ.ടി.ഡി.പി ഓഫീസിൽ എത്തിയത്. നിലവാരം കുറഞ്ഞ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുക, ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തുക, ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞവർക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള ഊരുമൂപ്പൻമാരാണ് സമരത്തിൽ പങ്കെടുത്തത്. എണ്ണയിൽ പാകം ചെയ്ത ചക്കക്കുരുവും സമരക്കാർ കൊണ്ടു വന്നിരുന്നു. സബ് കളക്ടർ ഹിയറിംഗിന് വിളിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ പറഞ്ഞിട്ടും സമരക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. ഒടുവിൽ ഏറെ സമയത്തെ ചർച്ചയ്‌ക്കൊടുവിൽ ഐ.ടി.ഡി.പി ഓഫീസിൽ നിന്ന് ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമെന്നും സമരക്കാരെ അറിയിച്ചു. തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടം സംസ്ഥാന പ്രസിഡന്റ് എം. പാൽരാജ് ഉദ്ഘാടനം ചെയ്തു. പീരുമേട് ഊരുമൂപ്പൻ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. എം.ഐ. ശശി, പി.എ. മോഹനൻ, ടി.ടി. മനോജ്, ശ്രീജിത് ഒളിയറയ്ക്കൽ, കെ.എസ്. ഷാജി എന്നിവർ പ്രസംഗിച്ചു.

രണ്ട് മാസമായിട്ടും

നടപടിയില്ല

ജൂൺ മാസത്തിലാണ് തൊടുപുഴ താലൂക്കിലെ വെണ്ണിയാനി, മൂലക്കാട്, പൂച്ചപ്ര, കരിപ്പിലങ്ങാട് എന്നിവ ഉൾപ്പെടെയുള്ള ആദിവാസി ഊരുകളിലാണ് മഴക്കാല ഭക്ഷ്യ സഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് ഗുണനിലവാരമില്ലാത്ത 13 ഇനങ്ങളടങ്ങുന്ന ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തത്. കിറ്റിൽ നിന്നുള്ള എണ്ണയിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ച ഒന്നര വയസുള്ള കുഞ്ഞിനുൾപ്പെടെ അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ആരോപണം ഉയർന്നതിനെ തുടർന്ന് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന വിവരവും പുറത്തു വന്നിരുന്നു. 2018ൽ ഭക്ഷ്യവകുപ്പ് നിരോധിച്ച കേര സുഗന്ധി, കേര ശക്തി എന്ന പേരുകളിലുള്ള വെളിച്ചെണ്ണയാണ് കിറ്റിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി, പട്ടികവർഗ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് ആദിവാസി സംഘടനകൾ സമരവുമായി രംഗത്തെത്തിയത്.