തൊടുപുഴ: നാടിനെ നടുക്കിയ ഷെഫീഖ് വധശ്രമക്കേസിൽ 12 വർഷം നീണ്ട നിയമപോരാട്ടത്തിന് അവസാനമാകുന്നു. ഷെഫീഖിനെ തൊടുപുഴ അഡീഷ്ണൽ സെഷൻസ് ഒന്നാം നമ്പർ കോടതി ജഡ്ജി ആഷ് കെ. ബാൽ ഇന്നലെ അൽ- അസ്ഹർ മെഡിക്കൽ കോളേജിൽ നേരിട്ടെത്തി മൊഴിയെടുത്തു. അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ ഷെഫീഖിന്‌ കോടതിയിൽ ഹാജാരാകാനോ മൊഴി നൽകാനോ കഴിയില്ല. കുട്ടിയുടെ ആരോഗ്യനില മനസിലാക്കാനായിരുന്നു സന്ദർശനം. അൽ- അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മിജാസ്, കുട്ടിയുടെ ശുശ്രൂഷക രാഗിണി എന്നിവരുടെ മൊഴിയും ജഡ്ജി രേഖപ്പെടുത്തി. അൽ- അസ്ഹർ ഗ്രൂപ്പ് എം.ഡി കെ.എം. മൂസ, അഡീഷ്ണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ്, പ്രതിഭാഗം വക്കീൽ സാബു ജേക്കബ്, ഡോക്ടർമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

2013 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഷെഫീഖിന് നാലു വയസായിരുന്നു. അച്ഛൻ ഷെരീഫും രണ്ടാനമ്മ അനീഷയുമായിരുന്നു പ്രതികൾ. ഏറെ നാളത്തെ ചികിത്സയ്ക്ക്‌ ശേഷമാണ് ഷെഫീഖ് അപകടനില തരണം ചെയ്തത്. തുടർന്ന് തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളേജ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. മൂന്നു വർഷം മുമ്പാണ് കേസിൽ വിചാരണ തുടങ്ങിയത്. തലച്ചോറിനേറ്റ ഗുരുതരമായ പരിക്ക് കുട്ടിയുടെ ബുദ്ധിവികാസത്തെയും സംസാരശേഷിയെയും ബാധിച്ചിട്ടുണ്ട്. കുട്ടിയ്ക്ക് എഴുന്നേറ്റ് നടക്കാനുമാകില്ല. ഈ സാഹര്യത്തിലാണ് കുട്ടിയെ സന്ദർശിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. മൊഴിയെടുക്കുന്ന മുറിയിലേക്ക് മാദ്ധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അടുത്തതായി പ്രതിയുടെ മൊഴി എടുക്കും. തുടർന്ന് രണ്ടു മാസത്തിനുള്ളിൽ കേസിൽ വിധി പറഞ്ഞേക്കും.