തൊടുപുഴ: ഏലമലപ്രദേശമെന്നത് ചില ശക്തികൾ കാർഡമം ഹിൽ റിസർവ്വ് എന്നാക്കി മാറ്റിയതിനെ തുടർന്നാണ് ഇന്നുള്ള ഈ വിവാദങ്ങൾ തുടങ്ങിയതെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് പറഞ്ഞു. ഇടുക്കിയെ വനമാക്കാൻ ശ്രമിക്കുന്ന ദ്രോഹ ശക്തികൾ കള്ള രേഖകളുടെ പിൻബലത്തോടെ നടത്തുന്ന ശ്രമങ്ങൾ ജനങ്ങളിൽ ഭീതിയും ഭയവും ജനിപ്പിക്കുന്നതാണ്. ഭക്ഷ്യവിളകളും, കുരുമുളക്, കാപ്പി, കൊക്കോ, റബ്ബർ തുടങ്ങിയവും ഉത്പാദിപ്പിച്ച് ജീവിക്കുന്ന നാടിന് വിദേശനാണ്യം നേടിത്തരുന്ന ആറ് ലക്ഷം മനുഷ്യർ അധിവസിക്കുന്ന പ്രദേശം വനമാക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് മാത്യു വർഗീസ് പറഞ്ഞു. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും ചില ശക്തികൾ നടത്തുന്ന കുൽസിത പ്രവർണനങ്ങൾ ജനങ്ങൾ മനസിലാക്കി പ്രതികരിക്കണം. കള്ളരേഖ ഉണ്ടാക്കിയവർക്കെതിരെയും ഇതിനു കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.