ചെറതോണി: വാത്തിക്കുടി പഞ്ചായത്ത് ഓഫീസിൽ കയറി പഞ്ചായത്ത് സെക്രട്ടറി പി.ജി. ജോജോയെ മർദ്ദിച്ചതായി പരാതി. മുൻ എസ്.ടി കമ്മിഷൻ അംഗത്തിനെതിരെ മുരിക്കാശേരി പൊലീസ് കേസെടുത്തു. അഡ്വ. കെ.കെ. മനോജിനെതിരെയാണ് കേസെടുത്തത്. അമ്മയുടെ പേരിൽ അനുവദിച്ച വീട് നിർമ്മിക്കാൻ ഭൂമിയ്ക്ക് കൈവശ രേഖ ലഭിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിൽ എത്തിയ കെ.കെ. മനോജിനോട് സി.എച്ച്.ആറിൽ ഉൾപ്പെട്ട ഭൂമിയ്ക്ക് കൈവശ രേഖ നൽകാനാവില്ലെന്ന് സെക്രട്ടറി അറിയിച്ചു. തുടർന്ന് സെക്രട്ടറിയെ മനോജ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായാണ് പരാതി. തോർത്ത് മുണ്ടിനുള്ളിൽ തേങ്ങ പൊതിഞ്ഞ് കൈയിൽ കരുതി ആക്രമിക്കാൻ മുൻകൂട്ടി തീരുമാനിച്ചാണ് മനോജെത്തിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പി.ജി. ജോജോ പറഞ്ഞു. ബുധനാഴ്ച പഞ്ചായത്ത് ഓഫീസിലെത്തി ബഹളമുണ്ടാക്കി മടങ്ങിയ മനോജ് ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് തേങ്ങയുമായി ഇന്നലെ രാവിലെ വീണ്ടുമെത്തിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വാത്തിക്കുടി പഞ്ചായത്തിൽ വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹർത്താൽ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ.എ. അലി, ഇ.എൻ. ചന്ദ്രൻ, ഷൈൻ കല്ലേക്കുളം, എം.കെ. പ്രിയൻ, ജോർജ് അമ്പഴം എന്നിവർ അറിയിച്ചു.