building
കാഞ്ചിയാർ ലബ്ബക്കടയിൽ പ്രവർത്തിക്കുന്ന 33 വർഷം പഴക്കമുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടം

കട്ടപ്പന : 1991 ലാണ് കാഞ്ചിയാർ ലബ്ബക്കടയിൽ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ചെറിയ കെട്ടിടത്തിൽ ആരംഭിച്ചെങ്കിലും പിന്നീടുള്ള കാലഘട്ടത്തിൽ ആവശ്യാനുസരണം കെട്ടിടത്തിന്റെ വലിപ്പം കൂട്ടിയെടുത്തു. എന്നാൽ ഈ കാലഘട്ടത്തിൽ മറ്റ് തദ്ദേശസ്ഥാപനങ്ങൾ എല്ലാം സ്മാർട്ടായപ്പോൾ കാഞ്ചിയാർ പഞ്ചായത്തിന് മാത്രം അവഗണനയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും അടക്കമുള്ള മുറികൾ പോലും ഇടുങ്ങിയതാണ്. അതോടൊപ്പം ഓഫീസിനുള്ളിലും സൗകര്യങ്ങൾ തീരെക്കുറവ്. പൊതുജനങ്ങൾക്കും ഓഫീസിൽ ഉള്ളവർക്കും ഒരു ശൗചാലയം മാത്രമാണ് ഈ കാര്യാലയത്തിലുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കാഞ്ചിയാർ പഞ്ചായത്ത് ഓഫീസ് പുനർനിർമ്മിക്കാൻ നടപടി വേണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ലബ്ബക്കട ടൗണിന് സമീപം തന്നെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റോളം ഭൂമിയിൽ പഞ്ചായത്ത് ഓഫീസോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒമ്പത് കോടി രൂപയുടെ പദ്ധതിക്കായി നബാർഡിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. വിശദമായ പ്ലാനോട് കൂടി നിലവിലെ ഭരണ സമിതിയും നമ്പർഡിന് അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷേ, ഫണ്ട് ഇല്ലെന്ന മറുപടി മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ കെട്ടിടം പണിയാൻ 25 കോടിയോളം രൂപ ചെലവ് വരും. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് പഞ്ചായത്ത് ഓഫീസിനൊപ്പം മറ്റ് സർക്കാർ ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും കൂടി വരുമ്പോൾ ലബ്ബക്കടയുടെ മുഖച്ഛായ തന്നെ മാറുകയും വികസനത്തിന് വഴി തെളിയുകയും ചെയ്യും. ഒപ്പം പഞ്ചായത്തിന് വരുമാനം ലഭിക്കുന്നതിനും കാരണമാകും. 16 വാർഡുകളുള്ള പഞ്ചായത്തിനെ ശ്വാസംമുട്ടിക്കുന്ന കെട്ടിടത്തിന്റെ സൗകര്യക്കുറവ് കണക്കിലെടുത്ത് അടിയന്തരമായി അധികൃതർ പുതിയ പഞ്ചായത്ത് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.