കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് കേരളത്തിൽ വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് തമിഴ്നാട്ടിലെ പെരിയാർ, വൈഗയ് കർഷക സംഘങ്ങൾ വീണ്ടും സമരത്തിനെത്തുന്നു. ഇന്ന് ഉത്തമപാളയത്ത് ഉപവാസ സമരം നടത്താനാണ് തീരുമാനം. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലുമായി താരതമ്യം ചെയ്യരുതെന്നുമാണ് സംഘടനകളുടെ ആവശ്യം. അണക്കെട്ട് സംരക്ഷിക്കാനും നിലവിലുള്ള പ്രതിസന്ധി കുറയ്ക്കാനുമാണ് ഉപവാസ സമരം നടത്തുന്നതെന്ന് കർഷകസംഘം നേതാവ് അൻവർ ബാല സിങ്കം പറയുന്നു. രണ്ടാഴ്ച മുമ്പ് ഇതേ ആവശ്യം ഉന്നയിച്ചു കർഷകർ ലോവർ ക്യാമ്പിൽ ദേശീയപാത ഉപരോധിക്കാനെത്തിയെങ്കിലും പിന്നീട് പൊലീസ് ഇവരെ തിരിച്ചയക്കുകയായിരുന്നു. കാലപ്പഴക്കം മൂലം മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന അപകട ഭീഷണി ഇപ്പോഴും തമിഴ്നാട്ടിലെ കർഷക സംഘടനകൾ മുഖവിലയ്ക്കെടുത്തിട്ടില്ല. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആശയത്തോട് കർഷക സംഘടനകൾ യോജിക്കുന്നില്ലെന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടാണ് കർഷക സംഘടനകൾ ഇപ്പോഴും പുലർത്തുന്നത്.