കുമളി: ടൗണിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പ്രവേശന കവാടം വരെയുള്ള ഫുട്പാത്ത് തട്ടുകടക്കാർ കൈയടക്കിയത് ഗതാഗത തടസമുണ്ടാക്കുന്നതായി പരാതി. ചക്രങ്ങൾ ഘടിപ്പിച്ച ഉന്ത് വണ്ടികൾ രാത്രി തട്ടുകട നടത്തിയ ശേഷം പകൽ ഇവിടെ ഉപേക്ഷിച്ചു പോവുകയാണ് ഉടമകൾ. മുമ്പ് രാത്രി കച്ചവടം കഴിഞ്ഞു ചക്രവണ്ടികൾ റോഡിൽ നിന്ന് മാറ്റുകയായിരുന്നു ചെയ്തിരുന്നത് . എന്നാൽ ഇപ്പോൾ പകൽ ഈ ചക്രവണ്ടികൾ മാറ്റാതിരിക്കുന്നതുമൂലം ഫുട് പാത്തിലുടെ നടക്കാൻ കഴിയുന്നില്ല. പോസ്റ്റ് ഓഫീസിൽ എത്തുന്ന ഇടപാടുകാരുടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും പാർക്ക് ചെയ്തിരുന്ന ഇടമാണ് ഇപ്പോൾ തട്ടുകടക്കാർ കൈയടക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ നിയന്ത്രണം ഇല്ലാതെയായതോടെ തട്ടുകടകളുടെ എണ്ണവും വർദ്ധിച്ചു. രാത്രി പ്രവർത്തിക്കുന്ന തട്ടുകടകൾ റോഡിൽ നിന്ന് പകൽ മാറ്റാത്തതു ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രാമാണ് ഇവിടെയുള്ളത്. തട്ടുകടകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വാഹനങ്ങൾ കൂടി പാർക്ക് ചെയ്താൽ കാൽ നട പോലും ദുസഹമാകും. പോസ്റ്റ് ഓഫീസിലേക്ക് മെയിൽ ഉരുപ്പടികളുമായി എത്തുന്ന വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ ഇടമില്ലാതായി.
നീക്കിയിട്ട് 10 വർഷം
ഒരു പതിറ്റാണ്ട് മുമ്പ് റോഡരികിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന പെട്ടിക്കടകൾ പഞ്ചായത്ത് നീക്കം ചെയ്തിരുന്നതാണ്. ഇപ്പോൾ വീണ്ടും അതേ സ്ഥലത്ത് വ്യാപകമായി തട്ടുകടകൾ സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിലെ ഗുഡല്ലൂരിൽ നിന്ന് പോലും ചിലർ കുമളിയിലെത്തി രാത്രി തട്ടുകട നടത്തുന്നുണ്ട്. തട്ടുകടകൾ പകൽ സമയങ്ങളിൽ ടൗണിൽ തിരക്കേറിയ ഇടങ്ങളിൽ നിന്ന് മാറ്റണമെന്നാണ് ആവശ്യം ഉയരുന്നത്.