തൊടുപുഴ : ജില്ലയിലെ ഏറ്റവും അധികം സ്‌കൂളുകൾ പ്രവർത്തിക്കുന്ന തൊടുപുഴ ഉപജില്ല ഓഫീസിലെ ഓഫീസറും സൂപ്രണ്ടും സ്ഥലം മാറിയിട്ട് മൂന്ന് മാസത്തോളമായിട്ടും പുതിയ നിയമനം നടക്കാത്തത് ഓഫീസിലെ ദൈനം ദിന പ്രവർത്ത നങ്ങളെ സാരമായി ബാധിച്ചു. ഇതുമൂലം ഉപജില്ലയിലെ 72 ൽ അധികം സ്‌കൂളുകളുടെ യും ജീവനക്കാരുടെയും പല ഫയലുകളും തീരുമാന മാകാതെ ഇഴയുകയാണ് . തൊടുപുഴ എ. ഇ. ഒ യുടെ ചാർജ് അറക്കുളം എ. ഇ. ഒ ക്കും,സൂപ്രണ്ടിന്റെ ചാർജ് നെടുങ്കണ്ടം സൂപ്രണ്ടിനുമാണ് നൽകിയിരിക്കുന്നത്.ജില്ലയിൽ തന്നെ ഏറ്റവും തിരക്കുള്ള ഉപജില്ലാ ഓഫീസിൽ സ്ഥിരനിയമനം നൽകാതെ ചാർജ് നൽകിയിരിക്കുന്നതിനാൽ അദ്ധ്യാപകർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാൻ പോലും പല സ്‌കൂളുകളിലും ദിവസങ്ങളോളം താമസിച്ചു. നിയമന ഉത്തരവ്, ഇൻക്രിമെന്റ്, ദിവസ വേതന ബില്ല് , പി.എഫ് തുടങ്ങിയ പ്രധാനപ്പെട്ട ഫയലുകൾ പോലും കൃത്യസമയത്ത് അധ്യാപകർക്ക് ലഭിക്കുന്നില്ല .എത്രയും വേഗം തൊടുപുഴ ഉപജില്ല ആഫീസറെയും, സീനിയർ സൂപ്രണ്ടിനെയും നിയമിച്ച് ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കെ. പി.എസ് .ടി .എ തൊടുപുഴ ഉപജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് ഷിന്റോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം നാസർ യോഗം ഉദ്ഘാടനം ചെയ്തു .സംസ്ഥാന നിർവ്വാഹക സമിതിയംഗം ബിജോയ് മാത്യു,ദീപു ജോസ്,വി ആർ രതീഷ്,സജി മാത്യു,രാജീമോൻ ഗോവിന്ദ്, ജിബിൻ ജോസഫ്, ലിജോ മോൻ എന്നിവർ പ്രസംഗിച്ചു.