ചെറുതോണി: ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ സംരക്ഷിക്കാൻ,​ മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കേരളം, തമിഴ് നാട് സർക്കാരുകളുമായി ചർച്ചകൾ നടത്തണം. ഡാം അപകടത്തിലായാൽ രണ്ട് സംസ്ഥാനങ്ങളിലുമുണ്ടാകുന്ന പ്രതിസന്ധികൾ ബോധ്യപ്പെടുത്തണം. തമിഴ് നാടിന്ജലവും കേരളത്തിന് സുരക്ഷയും എന്ന സന്ദേശം ജനങ്ങളിലെത്തിക്കണം. സുപ്രീംകോടതിയിലെ കേസിൽ പ്രശ്നപരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കണം. ശക്തമായ മഴയുടെ സമയത്ത് ജലനിരപ്പ് 120 അടിയായി കുറയ്ക്കണം. സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും അടിയന്തരമായി കർഷകർക്ക് ലഭ്യമാക്കുക,​ വന്യജീവിശല്യം തടയാൻ നടപടികൾ സ്വീകരിക്കുക,​ കർഷകകർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക,​ കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുക തുടങ്ങിയവയും യോഗം ആവശ്യപ്പെട്ടു. സെപ്തംബർ രണ്ട്, മൂന്ന് തീയതികളിൽ വൈക്കത്ത് നടക്കുന്ന കേരകർഷക സൗഹൃദ സംഗമങ്ങളുടെ സംസ്ഥാന തലസമാപനസമ്മേളനത്തിൽ 14 ജില്ലകളിൽ നിന്നും കർഷക പ്രതിനിധികളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. കേരകർഷക സൗഹൃദ സംഗമങ്ങളുടെ സംസ്ഥാന തലചീഫ് കോ-ഓർഡിനേറ്റർ മുൻ എം.എൽ.എ തോമസ് ഉണ്ണിയാടൻ യോഗം ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ്‌ വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു.