പീരുമേട്: വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ അനധികൃത ഭൂമി കൈയേറ്റം കണ്ടെത്തി ഒഴിപ്പിച്ചെങ്കിലും കൈയേറ്റക്കാർക്കെതിരെ ഇതുവരെ കേസെടുക്കാൻ റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല. പരുന്തുംപാറയിൽ കൈറിയ 110 ഏക്കർ സർക്കാർ ഭൂമിയിൽ ഒരു ഭാഗം കഴിഞ്ഞമാസം റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചിരുന്നു. ഇവിടെ സർക്കാർ ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ സർക്കാർ സ്ഥലം കൈവശപ്പെടുത്തിയവർക്കെതിരെ കേസെടുക്കാൻ മാത്രം തയ്യാറായില്ല. സർക്കാർ ഭൂമിയിലെ കൈയേറ്റക്കാർക്കെതിരെ ലാൻഡ് കൺസെർവെൻസി ആക്ട് അനുസരിച്ച് കേസെടുക്കണമെന്നാണ് നിയമം. റവന്യൂ വകുപ്പ് കേസ് എടുത്തശേഷം പൊലീസിന് കൈമാറണം. പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണം. എന്നാൽ പരുന്തുംപാറയിലെ ആദ്യഘട്ട ഒഴിപ്പിക്കൽ കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഒരു കേസ് പോലും റവന്യൂ അധികൃതർ എടുത്ത് പൊലീസിന് കൈമാറിയിട്ടില്ല. ആദ്യഘട്ട ഒഴിപ്പിക്കൽ കഴിഞ്ഞ ശേഷം ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥ സംഘം പരുന്തുംപാറയിലേക്ക് പോയിട്ട് പോലുമില്ല. ഇതും ഉന്നത ഇടപെടൽ മൂലമാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെ ഉന്നതർ കൈയേറിയ സ്ഥലത്തിന് പട്ടയം നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

പരുന്തുംപാറയിൽ വ്യാപകമായ കൈയേറ്റം നടന്നെന്ന പീരുമേട് തഹസിൽദാരുടെ റിപ്പോർട്ടിനെ തുടർന്നാണ് ഒഴിപ്പിക്കാൻ അന്ന് ജില്ലാ കളക്ടറായിരുന്ന ഷീബ ജോർജ് ഉത്തരവിട്ടത്. പീരുമേട്, മഞ്ജുമല എന്നീ വില്ലേജുകളിലുള്ള പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തെ സ്ഥലമാണ് നഷ്ടമായത്. കൈയേറ്റത്തിലൂടെ നഷ്ടപ്പെട്ട ഭൂമി കണ്ടെത്താൻ പ്രത്യേക സർവേ സംഘത്തെ നിയോഗിക്കണമെന്നും തഹസീൽദാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഒരു ഡസലധികം വൻകിട കൈയേറ്റങ്ങൾ ഉണ്ടെന്ന റിപ്പോർട്ട് നൽകിയ തഹസിൽദാർക്ക് ഇപ്പോൾ ഇവർ ആരെന്ന് കണ്ടെത്താൻ കഴിയാത്തത് ഭരണകക്ഷിയുടെ കടുത്ത സമ്മർദ്ദം മൂലമാണെന്നാണ് സൂചന. സ്ഥലം സന്ദർശിക്കാൻ വേണ്ടത്ര ഫണ്ടോ വാഹനമോയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

തിരിച്ചുപിടിച്ച ഭൂമി കുറഞ്ഞു

കൈയേറ്റക്കാരുടെ പട്ടിക നൽകിയില്ലെന്ന് മാത്രമല്ല തിരിച്ചുപിടിച്ച ഭൂമിയുടെ കണക്കിൽ പോലുംഅവ്യക്തത നിലനിൽക്കുന്നുണ്ട്. 41.5 ഏക്കർ തിരിച്ചുപിടിച്ചെന്ന് നേരത്തെ പറഞ്ഞ ഉദ്യോഗസ്ഥർ താലൂക്ക് വികസനമിതിയിൽ കണക്ക് അവതരിപ്പിച്ചപ്പോൾ ഏക്കർ കണക്കിന് ഭൂമി കുറഞ്ഞു.


'ഭൂമി കൈയേറിയവർക്കെതിരെ കർശന നടപടിയെടുക്കണം. സർക്കാർ കൈയേറ്റക്കാർക്ക് എതിരാണ്. ഇത് വളരെ ഗൗരവതരമായ പ്രശ്നമാണ്."

-വാഴൂർ സോമൻ എം.എൽ.എ