മുട്ടം: നിയന്ത്രണം വിട്ട ടിപ്പർ ലോറി കൈതോട്ടിലേക്ക് മറിഞ്ഞു. മുട്ടം ഇടപ്പള്ളി ലയൺസ് ക്ലബ്ബിന് സമീപം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. എതിർ ദിശയിൽ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡ് വക്കിലെ കുഴിയിൽ വീണ് മറിയുകയായിരുന്നു. ലോറി പൂർണ്ണമായും തോട്ടിലേക്ക് മറിയുമെന്ന സ്ഥിതി വന്നതോടെ ലോറിയിലെ പാറപ്പൊടി തോട്ടിലേക്ക് തന്നെ നിക്ഷേപിക്കേണ്ടി വന്നു. ശേഷം ജെ.സി.ബി ഉപയോഗിച്ച് ലോറി കരയ്ക്ക് കയറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ വക്കിൽ ചെറുതും വലുതുമായ കുഴികൾ ഉണ്ട്. അപകടങ്ങൾക്ക് കാരണമാകുന്ന ഇത്തരം കുഴികൾ നികത്താനുള്ള നടപടി ഉണ്ടാവണമെന്ന് പ്രദേശവാസി ബേബി വണ്ടനാനി ആവശ്യപ്പെട്ടു.