കട്ടപ്പന: വയനാടിന്റെ പുനരധിവാസത്തിന്റെ ഭാഗമായി വീടുകൾ നിർമ്മിക്കാൻ തുക കണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ചുമായി ഡി.വൈ.എഫ്.ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി. വെള്ളിയാഴ്ച രാവിലെ മുതൽ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും ബിരിയാണി വിതരണം ആരംഭിച്ചു. ധനസമാഹരണത്തിനായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പാഴ്വസ്തുക്കൾ ശേഖരിച്ചും ചക്കകൾ വിളവെടുത്തും വിറ്റാണ് തുക കണ്ടെത്തുന്നത്. ബിരിയാണി ചലഞ്ചിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ, പ്രസിഡന്റ് ജോബി എബ്രഹാം, നേതാക്കളായ ടോമി ജോർജ്, കെ.പി. സുമോദ്, പൊന്നമ്മ സുഗതൻ, നിയാബ് അബു എന്നിവർ നേതൃത്വം നൽകി.