പീരുമേട്: തേയിലത്തോട്ടങ്ങളിലെ ലയങ്ങളുടെ ശോചനീയാവസ്ഥ മൂലം തൊഴിലാളികൾ നേരിടുന്ന പ്രതിന്ധി മനസിലാക്കി അടിയന്തര നടപടിക്ക് ലേബർ വകുപ്പ് ഒരുങ്ങുന്നു. കഴിഞ്ഞദിവസം വണ്ടിപ്പെരിയാർ മഞ്ചുമലയിലും തേങ്ങാക്കലിലും തൊഴിലാളിയുടെ ലയങ്ങൾ തകർന്ന് തൊഴിലാളികൾക്ക് പരിക്കുപറ്റിയ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച 11ന് പീരുമേട് ലേബർ ഓഫീസിൽ താലൂക്കിലെ മുഴുവൻ തോട്ടം മാനേജ്‌മെന്റിന്റെയും തൊഴിലാളി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ തകർന്ന് വീണുള്ള അപകടങ്ങൾ വർദ്ധിക്കുമ്പോഴും അറ്റകുറ്റപ്പണികൾ ഉൾപ്പടെയുള്ളവ മുടങ്ങുന്ന സാഹചര്യമാണുള്ളത്. വണ്ടിപ്പെരിയാർ പോബ്സ് എസ്റ്റേറ്റിലെ മഞ്ചുമല ലോവർ ഡിവിഷൻ എസ്റ്റേറ്റിലെ ലയം കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഏതാനും മാസത്തിനുള്ളിൽ നിരവധി അപകടങ്ങൾ തുടർച്ചയായി ഉണ്ടായിട്ടുണ്ട്. പീരുമേട്ടിലെ തോട്ടങ്ങളിൽ തൊഴിലാളികളുടെ താമസവും ജീവിതവും സുരക്ഷിതമല്ലാത്ത അവസ്ഥയിലേയ്ക്ക് അനുദിനം മാറുകയാണ്. കാലവർഷം ശക്തിപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിൽ തുടർന്നും അപകടം ഉണ്ടാകുമെന്ന ആശങ്ക വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിൽ അടിയന്തര നടപടിക്ക് ലേബർ വകുപ്പ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച പീരുമേട് ലേബർ ഓഫീസിൽ പീരുമേട് താലൂക്കിലെ മുഴുവൻ തോട്ടങ്ങളിലെ മാനേജ്‌മെന്റിന്റെയും തൊഴിലാളി പ്രതിനിധികളുടെയും യോഗം പീരുമേട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ഇ. ദിനേശൻ വിളിച്ചു ചേർത്തിട്ടുണ്ട്.