ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ജനകീയ ആക്ഷൻ കൗൺസിൽ നടത്തിയ ഹർത്താലിൽ പഞ്ചായത്ത് നിശ്ചലമായി. ഇന്നലെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ വാത്തിക്കുടി പഞ്ചായത്തിൽ ജനകീയ ആക്ഷൻ കൗൺസിൽ നടത്തിയ ഹർത്താൽ പരിപൂർണ വിജയമായി. പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. പഞ്ചായത്തിനുള്ളിൽ വാഹന ഗതാഗതവും അപൂർവമായി. പ്രധാന നിരത്തിലൂടെ മാത്രമാണ് വാഹനങ്ങൾ ഓടിയത്. 18 വാർഡുള്ള പഞ്ചായത്തിൽ ഹർത്താലുള്ള വിവരം ഏതാനും പേർ മാത്രമാണ് അറിഞ്ഞത്. ചെറുചായക്കടകൾ നടത്തുന്നവരടക്കം രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് ഹർത്താൽ വിവരം അറിയുന്നത്. ഏലത്തോട്ടങ്ങളിലും മറ്റു പണിസ്ഥലത്തും പണിക്ക് പോകുന്ന സ്ത്രീകൾ രാവിലെ പൊതി ചോറുമായി സ്റ്റാൻഡിലെത്തിയ ശേഷം മടങ്ങേണ്ടി വന്നു. രാവിലെ ജില്ലാ ആസ്ഥാനത്തും അടിമാലിയിലുമെല്ലാം പോയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ ഹാജർ നഷ്ടമായി. ലോട്ടറി വിൽപ്പനക്കാരുടെ ഭാഗ്യക്കേടിന്റെ ദിനമായിരുന്നു. വിൽക്കാനാകാത്തതിനാൽ ടിക്കറ്റ് മിച്ചവും വന്നു. തോപ്രാംകുടി മുരിക്കാശേരി ഭാഗത്തേക്കു പോകാനായി വന്നയാത്രക്കാർ കരിമ്പൻ ബസ് സ്റ്റാർഡിൽ കുടുങ്ങി. ഉച്ചയോടെ കുറെപ്പേർ തിരിച്ചു പോയി. കുറച്ചു പേർ നടന്നും മറ്റുവാഹനങ്ങളിലും കയറിപ്പോയി. ഹർത്താലനുകൂലികൾ തോപ്രാംകുടി , മുരിക്കാശേരി തുടങ്ങിയ ടൗണുകളിൽ പ്രകടനം നടത്തി. മുൻ എസ്.ടി കമ്മിഷൻ അംഗം വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് സെക്രട്ടറി പി.ജി. ജോജോയുമായി വാക്കേറ്റമുണ്ടാവുകയും മർദ്ദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ജനകീയ ആക്ഷൻ കൗൺസിൽ ഹർത്താൽ നടത്തിയത്. എന്നാൽ പക്ഷാഘാതത്താൽ ശരീരം പാതി മരവിച്ച താൻ പഞ്ചായത്ത് സെക്രട്ടറിയെ മർദിച്ചില്ലെന്നും മർദ്ദനമേറ്റത് തനിക്കാണെന്നുമാണ് അഡ്വ. കെ.കെ. മനോജ് പറയുന്നത്.
ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ഗൂഢാലോചന: സി.പി.എം
കോൺഗ്രസിന്റെ നേതൃതലത്തിലുള്ള തീരുമാനത്തിന്റെയും ഗൂഡാലോചനയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൻ കണ്ടാണ് തങ്ങൾക്ക് ഭരണം ഇല്ലാത്ത പഞ്ചായത്തുകളിൽ കടന്നുകയറി ഉദ്യേഗസ്ഥരെ ആക്രമിച്ച് വരുതിയിലാക്കാൻ നോക്കുന്നത്. വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോൺഗ്രസ് നേതാവ് നടത്തിയ അക്രമണവും മർദ്ദനവും ഇതിന്റെ ഭാഗമാണെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.
ശ്രദ്ധതിരിക്കാനുള്ള നാടകം: കോൺഗ്രസ്
ചെറുതോണി: സർക്കാരിന്റെ ജനവിരുദ്ധ നിലപാടിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള നാടകമാണ് ഇടതു മുന്നണി ആഹ്വാനം ചെയ്ത വാത്തിക്കുടി പഞ്ചായത്ത് ഹർത്താലെന്ന് കോൺഗ്രസ് ആരോപിച്ചു. രോഗിയായ ആദിവാസി കോൺഗ്രസ് നേതാവ് കെ.കെ. മനോജിനെയും രോഗിയായ അമ്മയെയും മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്ത പഞ്ചായത്ത് ജീവനക്കാരുടെ പേരിൽ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. സ്വയം എഴുന്നേറ്റ് നടക്കാൻ ബുദ്ധിമുട്ടുന്ന മനോജും അമ്മയും ഉദ്യോഗസ്ഥരെ മർദ്ദിച്ചുവെന്ന് പറഞ്ഞാൽ മനുഷ്യർ ആരും വിശ്വസിക്കുകയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.